മുൻ ഗവർണറും കോൺഗ്രസ് നേതാവുമായിരുന്ന കെ ശങ്കരനാരായണൻ അന്തരിച്ചു
വിടവാങ്ങിയത് ആറ് സംസ്ഥാനങ്ങളിൽ ഗവർണറായ ഏക മലയാളി

പാലക്കാട് : മുൻ ഗവർണറും കോൺഗ്രസ് നേതാവുമായിരുന്ന കെ ശങ്കരനാരായണൻ (90) അന്തരിച്ചു. പാലക്കാട്ടെ സ്വവസതിയിൽ ഇന്ന് രാത്രിയോടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. നാഗാലാൻ്റ്, അരുണാചൽ പ്രദേശ്, അസം, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന ഇദ്ദേഹം ആന്റണി മന്ത്രി സഭയിൽ ധനകാര്യമന്ത്രിയായിരുന്നു.
ആറ് സംസ്ഥാനങ്ങളിൽ ഗവർണറായ ഏക മലയാളിയാണ് കെ ശങ്കരനാരായണൻ. കേരളത്തിൽ വിവിധ മന്ത്രി സഭകളിലായി ധനം, കൃഷി, എക്സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
1986 മുതൽ 2001 വരെയുള്ള കാലയളവിൽ യുഡിഎഫ് കൺവീനറായിരുന്നു.സംഘടനാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു.