മാസ്ക് നിർബന്ധമാക്കി; നാളെ മുതൽ കർശന പരിശോധന
പൊലീസ് പരിശോധന പുനഃരാരംഭിക്കാനും നിർദേശം ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കാനും ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി.

തിരുവനന്തപുരം: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയതിന് പിന്നാലെ കർശനമായ പൊലീസ് പരിശോധനയും. മുൻകരുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ പൊലീസ് പരിശോധന ശക്തമാക്കുമെന്നാണ് റിപ്പോർട്ട്. പരിശോധന പുനഃരാരംഭിക്കാനും നിർദേശം ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കാനും ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി.
മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തുന്നവരിൽ നിന്നും 500 രൂപയായിരിക്കും പിഴയീടാക്കുക. കോവിഡിന്റെ ആദ്യ തരംഗത്തിൽ 200 രൂപയായിരുന്ന പിഴ പിന്നീട് 500 ആക്കി ഉയർത്തുകയായിരുന്നു.
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മാസ്ക് ഏർപ്പെടുത്താനുളഉ തീരുമാനം. പൊതു സ്ഥലങ്ങളിലും, തൊഴിലിടങ്ങളിലും, യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഉത്തരവ് കർശനമായി നടപ്പാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.