സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ; കർശന നിർദേശവുമായി മന്ത്രി
അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർദേശം നൽകി.

തിരുവനന്തപുരം: ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് വിൽപ്പന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്താനും അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഇവ ലൈസൻസോടെയാണോ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്താൻ സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങൾ അടിയന്തിര പരിശോധന നടത്തണം.
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ റർദേശം. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സെക്രട്ടറിമാർക്ക് നടപടി സ്വീകരിക്കാം. പാതയോരങ്ങളിലെ ഐസ്ക്രീം, ശീതള പാനീയങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിലും, വാഹനങ്ങളിലും തട്ടുകടകളിലും ആരോഗ്യവിഭാഗം പരിശോധന നടത്തും. ഭക്ഷണത്തിന് കാലപ്പഴക്കം ഉണ്ടോയെന്നും , സ്ഥാപനത്തിന്റെ ശുചിത്വം ,ഭക്ഷണ നിർമ്മാണം, വിതരണം എന്നിവയിലെ ശുചിത്വം ഉറപ്പാക്കും. പ്രശ്നങ്ങൾ കണ്ടെത്തിയാൽ കച്ചവട സ്ഥാപനത്തിന്റെ പ്രവർത്തനം അടിയന്തിരമായി നിർത്തിവെപ്പിക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ മാംസാഹാരം വിൽക്കുന്ന സ്ഥാപനങ്ങളിൽ കൃത്യമായി പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണം. ചെറുവത്തൂരിലേത് പോലെ ഇനിയൊരു സംഭവം ഉണ്ടാവാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും മന്ത്രി നിർദേശിച്ചു.