സംസ്ഥാനത്ത് തുടർക്കഥയായി ഭക്ഷ്യവിഷബാധ
മലപ്പുറം വേങ്ങരയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു.

മലപ്പുറം: മലപ്പുറം വേങ്ങരയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു. വേങ്ങര ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസിൽ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹോട്ടൽ അടപ്പിച്ചത്.
സംസ്ഥാനത്ത് തുടർക്കഥയായി മാറുകയാണ് ഭക്ഷ്യവിഷബാധ. കഴിഞ്ഞ ദിവസം കാസർകോട് ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി മരിക്കുകയും നിരവധിപേർ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. അതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
മന്തിയിലെ കോഴി ഇറച്ചിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ എട്ടുപേരും ആശുപത്രി വിട്ടു. വേങ്ങരയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.