കാസർഗോഡ് ഷവർമ ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിൽ ഷവർമ ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികളിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കുട്ടികൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. ആരുടെയും നില ഗുരുതരമല്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് കൂൾബാറിൽ ഷവർമ്മ നിർമ്മിച്ചിരുന്നത് എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂൾബാർ മാനേജറെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ചെറുവത്തൂരിലെ കൂൾബാറിൽ നിന്നും കുട്ടികൾ കഴിച്ച ഷവർമയിൽ ഭക്ഷ്യ വിഷബാധക്ക് കാരണം ഷിഗല്ല ബാക്റ്റീരിയയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് എ വി അറിയിച്ചു. ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ പരിശോധിച്ചതിൽ നിന്നാണ് ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.