പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം; ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം
ഗുരുതരമായി പരിക്കേറ്റ അഞ്ചു വയസ്സുകാരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം. അഞ്ചുവയസുകാരിക്ക് ഗുരുതര പരിക്ക്. കീഴാറ്റൂർ കൊണ്ടിപ്പറമ്പിൽ മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്‌മി, ഇവരുടെ മകൾ സഫ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ അഞ്ച് വയസ്സുകാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പാണ്ടിക്കാട് – പെരിന്തൽമണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഭാര്യയേയും കുട്ടികളെയും വാഹനത്തിലിട്ട് കത്തിച്ച ശേഷം മുഹമ്മദ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
മാമ്പുഴ സ്വദേശിയായ മുഹമ്മദ് കൊണ്ടിപ്പറമ്പിലെ ഭാര്യവീട്ടിലെത്തി ഭാര്യ ജാസ്‌മിനെയും രണ്ടു മക്കളെയും വാഹനത്തിലേക്ക് വിളിച്ചു വരുത്തി തീ കൊടുത്തതെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റ മുഹമ്മദ് സമീപത്തെ കിണറ്റിൽ ചാടിയാണ് മരിച്ചത്. ജാസ്‌മിന്റെയും, മകൾ സഫയുടെയും മൃതദേഹം വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മുഹമ്മദിന്റെ മൃതദേഹം കിണറ്റിൽ നിന്നാണ് ലഭിച്ചത്.