വിസ്മയ കേസ് ; കിരൺ കുമാർ കുറ്റക്കാരൻ ശിക്ഷാ വിധി നാളെ
കിരണിനെതിരെ സ്ത്രീധന പീഡനം മൂലമുള്ള മരണം, സെക്ഷൻ (304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കിരണിനെതിരെ സ്ത്രീധന പീഡനം മൂലമുള്ള മരണം, സെക്ഷൻ (304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ ശിക്ഷാവിധി നാളെ പറയും.
വിധി കേൾക്കാൻ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരും കോടതിയിലെത്തിയിരുന്നു. എന്നാൽ കിരണിന്റെ ബന്ധുക്കളാരും തന്നെ എത്തിയില്ല. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. 2021 ജൂൺ 21 നാണ് കിരണിന്റെ വീട്ടിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. വകുപ്പ് തല അന്വേഷണത്തിൽ കിരൺ കുമാറിനെ മോട്ടോർ വാഹന വകുപ്പിലെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.
2020 മെയ് 30 ന് ബി എ എം എസ് വിദ്യാർത്ഥിനിയായ വിസ്മയ കിരൺ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതൽ സ്വർണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിൽ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരൺ കുമാർ വിസ്മയയെ ഉപദ്രവിച്ചിരുന്നു എന്നതിന് തെളിവായി ഡിജിറ്റൽ തെളിവുകളുൾപ്പെടെ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. കിരണിന്റെ ഫോൺ സൈബർ പരിശോധനയ്ക്ക് അയച്ചപ്പോൾ ലഭിച്ച സംഭാഷണങ്ങളും കേസിലെ നിർണായക തെളിവുകളായി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജും പ്രതി ഭാഗത്തിന് വേണ്ടി അഭിഭാഷകൻ പ്രതാപ ചന്ദ്രൻ പിള്ളയുമാണ് കോടതിയിൽ ഹാജരായത്.