വിസ്മയ കേസ്; വാദം പൂർത്തിയായി, വിധി ഉടൻ
കോടതി മുറിയിൽ പ്രതി ഭാഗം ഉയർത്തിയത് വിചിത്ര വാദങ്ങൾ

കൊല്ലം: വിസ്മയ കേസിൽ വാദം പൂർത്തിയായി. കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിധി പറയാൻ കോടതി സമയമെടുത്തിരിക്കുകയാണ്. അഞ്ച് മിനിറ്റിനുള്ളിൽ വിധി പറയാൻ മാറ്റിയ കേസിൽ കോടതി മറ്റുകേസുകൾ പരിഗണിക്കുകയാണ്. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് കേസ് പരിഗണിക്കുന്നത്. വിധി പറയാൻ കാലതാമസം ഉണ്ടാവുന്നതെന്ന് വ്യക്തമായിട്ടില്ല.
പ്രതിഭാഗവും പ്രോസിക്യൂഷനും തമ്മിൽ കോടതി മുറിയിൽ ഏറ്റുമുട്ടി. ഇത് ഒരു വ്യക്തിക്ക് എതിരെയുള്ള കേസ് അല്ലെന്നും സാമൂഹ്യതിന്മയ്ക്കെതിരെയുള്ള കേസെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. രാജ്യം ഉറ്റുനോക്കുന്ന വിധിയെന്നും മാതൃകാപരമായ വിധി പ്രതീക്ഷിക്കുന്നതെന്നും പ്രോസിക്യൂട്ടർ വാദിച്ചു. പ്രതി നിരന്തര പീഡനത്തിലൂടെ ഭാര്യയുടെ ആത്മാവിനെ കൊന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അതിനാൽ തന്നെ ആത്മഹത്യയല്ല, മറിച്ച് കൊലപാതകമായി തന്നെ കണക്കാക്കാമെന്നുമാണ് പ്രോസിക്യൂട്ടർ അറിയിച്ചത്. വിസ്മയയുടെ മുഖത്ത് പ്രതി ബൂട്ടിട്ട് ചവിട്ടിയെന്നും വളർത്തു മൃഗം പോലും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിയോട് അനുകമ്പ പാടില്ലെന്നും പ്രോസിക്യൂട്ടർ ആവശ്യപെട്ടു.
പ്രതിക്ക് നേരെ ചുമത്തിയ 304ബി, 306 വകുപ്പുകൾക്ക് എതിരെയാണ് പ്രതിഭാഗം വാദിച്ചത്. ഇത് കേവലം ആത്മഹത്യ മാത്രമാണ്. പരിഷ്കൃത സമൂഹത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് ജീവപര്യന്തം നൽകിയ ചരിത്രമില്ലെന്നും പ്രതിഭാഗം വാദിച്ചു. സൂര്യന് കീഴിലെ ആദ്യത്തെ സ്ത്രീധന പീഡന മരണമല്ലെന്നുമുള്ള വിചിത്ര വാദമാണ് കിരൺ കുമാറിന് സി. പ്രതാപചന്ദ്രൻപിളള നടത്തുന്നത്. യുപിയിൽ നടന്ന മറ്റൊരു കേസിന് 10 വർഷം മാത്രമാണ് നൽകിയതെന്നും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും പ്രതിഭാഗം വാദിച്ചു. പ്രതിക്ക് കുറഞ്ഞ ശിക്ഷ നൽകാനാണ് പ്രതിഭാഗത്തിൻ്റെ ശ്രമം. കുറ്റബോധമില്ല എന്ന് പ്രതി പറഞ്ഞപ്പോൾ കുറ്റം ചെയ്യാത്തതിനാലാണ് പ്രതിക്ക് കുറ്റബോധമില്ലാത്തതെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. കുരുടൻ ആനയെ കണ്ടത് പോലെയാണ് ജഡ്ജി കേസ് പരിഗണിക്കുന്നതാണ് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചത്.