ഉമയുടെ തൃക്കയ്യിൽ തൃക്കാക്കര ഭദ്രം
യുഡിഎഫിൻ്റെ വിജയം സർവ്വകാല റെക്കോർഡോടെ

തൃക്കാക്കര: കേരളം ചങ്കിടിപ്പോടെ കാത്തിരുന്ന ഉദ്വേഗജനകമായ നിമിഷങ്ങൾക്ക് വിട. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാതോമസിന് ഉജ്ജ്വല വിജയം. സർവ്വകാല റെക്കോർഡോടെയാണ് യുഡിഎഫിൻ്റെ വിജയം. 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ തോമസിൻ്റെ ആധികാരിക വിജയം. 2021ൽ പി. ടി. തോമസ് നേടിയ 14,203 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമ മറികടന്നിരിക്കുന്നത്. അതിനൊപ്പം 2011ൽ ബെന്നി ബെഹനാൻ്റെ 22,406 വോട്ടുകളുടെ ലീഡും മറികടന്നു കൊണ്ടുള്ള കൂറ്റൻ ജയത്തിലേക്കാണ് ഉമാ തോമസ് എത്തിയിരിക്കുന്നത്.
പ്രവചനങ്ങൾ നിഷ്പ്രഭമാക്കിയ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 72, 767, എൽഡിഎഫ് 47,752, എൻഡിഎ 12,955 എന്നിങ്ങനെയാണ് മുന്നണികൾ നേടിയ വോട്ടുകളുടെ കണക്കുകൾ. എൽഡിഎഫ് രണ്ടാം സ്ഥാനത്തും എൻഡിഎ മൂന്നാം സ്ഥാനത്തും ഒതുങ്ങേണ്ടി വന്നു. അവസാന ഘട്ടത്തോടടുതപ്പോൾ ഭൂരിപക്ഷം 25,000 കടക്കുന്ന സാഹചര്യവുമുണ്ടായി.
എൽഡിഎഫിനെ നിലം തൊടാൻ അനുവദിക്കാത്ത വിധം കനത്ത പോരാട്ടമാണ് ഉമാ തോമസ് കാഴ്ചവെച്ചത്. വോട്ടെണ്ണൽ തുടങ്ങിയ സമയം മുതൽ ഒരു ഘട്ടത്തിൽ പോലും ഉമാ തോമസ് പിന്തള്ളപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്. പി. ടി. തോമസിന് ലഭിച്ചതിനേക്കാൾ ഉയർന്ന ലീഡ് ആണ് ഓരോ ഘട്ടത്തിലും ഉമാ തോമസ് കാഴ്ചവെച്ചത്. എൽഡിഎഫ് വലിയ പ്രതീക്ഷ വെച്ച ഡോ: ജോ ജോസഫിന് ഒരു ഘട്ടത്തിൽ പോലും ലീഡ് ചെയ്യാൻ സാധിച്ചിട്ടില്ല.