വിവാദ പരാമർശം; മന്ത്രി സജി ചെറിയാൻ രാജി വെച്ചു
രാജി സിപിഎം സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം

തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ച മന്ത്രി സജി ചെറിയാൻ രാജിവെച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് മന്ത്രിയുടെ രാജി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുത്ത സിപിഎം അവയ്ലബിള്‍ സെക്രട്ടറിയേറ്റ് നേരത്തെ ചേര്‍ന്നിരുന്നുവെങ്കിലും യോഗത്തിന് ശേഷം രാജിവെക്കുന്നില്ലെന്നായിരുന്നു സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, ഉചിതമായ നടപടിയുണ്ടാകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. നാളെ സമ്പൂര്‍ണ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മന്ത്രി ഇന്ന് തന്നെ രാജിവെക്കുകയായിരുന്നു.
ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഭരണഘടനയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. പിന്നാലെ മന്ത്രിയുടെ രാജിക്കായി സമ്മർദ്ദമേറുകയായിരുന്നു. ബ്രിട്ടീഷുകാര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ എഴുതിവെച്ചതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമർശമാണ് മന്ത്രി നടത്തിയത്. വിഷയത്തില്‍ ഗവര്‍ണറും ഇടപെട്ടിരുന്നു. കോടതിയുടെ തീരുമാനങ്ങള്‍ വരുന്നത് സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കട്ടെ എന്ന് സിപിഐ അടക്കമുള്ള എല്‍ഡിഎഫ് ഘടകക്ഷികളും നേരത്തെ വ്യക്തമാക്കിയിരുന്നു.