സംഘപരിവാർ വേദിയിലെ മേയറുടെ വിവാദ പ്രസംഗം; മേയറെ പരസ്യമായി തള്ളിപറഞ്ഞ് സി പി ഐ എം
കേരളത്തിൽ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമാണ് മേയറുടെ പരാമർശം.
കോഴിക്കോട് : സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് കോഴിക്കോട് മേയർ ബീന ഫിലിപ്പ് നടത്തിയ പരാമർശത്തിൽ മേയറെ പരസ്യമായി തള്ളിപറഞ്ഞ് സി പി ഐ എം ജില്ലാക്കമ്മറ്റി.കേരളത്തിൽ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമാണ് സിപിഐഎം മേയറുടെ പരാമർശം.ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വിവാദപ്രതികരണം. പ്രസംഗം വിവാദമായതോടെ തന്റെ വാക്കുകൾ ദുരുദ്ദേശത്തോടെ വളച്ചൊടിച്ചതാണെന്ന് മേയർ ബിന ഫിലിപ്പ് അറിയിച്ചിരുന്നു.
സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഇറക്കിയ പ്രസ്താവന : കോർപറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.ഐ.(എം ) എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് . ഇത് സി.പി.ഐ.എം. ന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി.പി.ഐ. (എം ) തീരുമാനിച്ചു.

