വഴിയിൽ വെച്ച് ഭാര്യയെ വെട്ടിക്കൊന്ന പ്രതി ജയിലിൽ ഇന്ന് പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ
വ്യാഴാഴ്ച രാവിലെയായിരുന്നു തിരക്കുള്ള റോഡിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്
 
                        തിരുവനന്തപുരം: സംശയത്തിന്റെ പേരിൽ പങ്കാളിയെ നടു റോഡിൽ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ തൂങ്ങിമരിച്ച നിലയിൽ. പ്രതി രാജേഷിനെയാണ് ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നന്ദിയോട് സ്വദേശിയാണ് രാജേഷ്.
പൂജപ്പുര ജില്ലാ ജയിലിലെ ശുചിമുറിയിലാണ് ഇന്ന് പുലർച്ചെ രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടുത്ത കൈലിയിൽ കെട്ടിതൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാവിലെയായിരുന്നു തിരക്കുള്ള റോഡിൽ പങ്കാളിയായിരുന്ന സിന്ധുവിനെ രാജേഷ് വെട്ടിക്കൊല പ്പെടുത്തിയത്.കഴുത്തിനും തലയ്ക്കും വെട്ടേറ്റ സിന്ധുവിനെ നാട്ടുകാരും പൊലിസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരും കഴിഞ്ഞ ഒരു മാസമായി അകൽച്ചയിലായിരുന്നു. സിന്ധു തന്നിൽ നിന്ന് അകലുന്നു എന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            