നിദ ഫാത്തിമയുടെ മരണം അതീവ ഖേദകരം; അസോസിയേഷനുകൾ തമ്മിലുള്ള തർക്കത്തിൽ കർശന നടപടി സ്വീകരിക്കും : കായിക മന്ത്രി
കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി കായിക മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: നിദ ഫാത്തിമയുടെ മരണത്തിൽ അതീവ ദുഃഖം അറിയിച്ചിച്ച് കായകമന്ത്രി വി.അബ്ദുറഹ്മാൻ. അസോസിയേഷനുകളുമായി ബന്ധപ്പെട്ട തർക്കത്തിൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി അറിയിച്ചു
ഇന്ന് രാവിലെയാണ് നിദ ഫാത്തിമ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആ സമയം തന്നെ ബന്ധപ്പെട്ട ആളുകളെയും സംഘാടകരെയും ഉൾപ്പെടെ വിളിച്ചു സംസാരിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗീകരിച്ച ക്ലബിലാണ് ഈ കുട്ടിയും ഉൾപ്പെട്ടിട്ടുള്ളത്. ഈ മത്സരത്തിൽ പങ്കെടുക്കാനെത്തിയ ഇവർക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. അസോസിയേഷനുകൾ തമ്മിലുള്ള പ്രശ്നത്തിന്റെ പേരിലാണ് ഇവർക്ക് കോടതിയിൽ പോകേണ്ടി വന്നത്. കോടതി അനുമതി കിട്ടിയ ശേഷമാണ് മത്സരത്തിൽ പങ്കെടുക്കാനായത്.
കുട്ടിയുടെ രക്ഷിതാക്കൾക്ക് അങ്ങോട്ട് പോകാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ നിലവിൽ നിർദേശം നൽകിയിട്ടുണ്ട്. മൃതദേഹം തിരികെ കൊണ്ടുവരാൻ അവിടുത്തെ കളക്ടറുമായി സംസാരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും സ്പോർട്സ് കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇനിയും ആവശ്യമുള്ള എന്തുകാര്യങ്ങളും ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.