കിണറിൽ ആട് വീണു, എടുക്കാനിറങ്ങിയ യുവാവും; ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്
നടുവത്തൂരിൽ ഇന്ന് രാവിലെ ഒമ്പതരയോട് കൂടിയാണ് സംഭവം

നടുവത്തൂർ: കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവും കിണറ്റിൽ പ്പെട്ടു. ഒടുവിൽ കൊയിലാണ്ടി ഫയർഫോഴ്സ് എത്തി ആടിനെയും യുവാവിനെയും രക്ഷപ്പെടുത്തി.ഇന്ന് രാവിലെ ഒമ്പതരയോട് കൂടിയാണ് നടുവത്തുർ എരഞ്ഞിക്കോത്ത് പ്രഭാകരന്‍ നായർ എന്നയാളുടെ വീട്ടിലെ കിണറ്റിൽ ആട് വീണത്. വീട്ടുകാരുടെ ബഹളം കേട്ട് ആളുകൾ എത്തിയപ്പോൾ ഒരു യുവാവ് ആടിനെ രക്ഷിക്കാൻ കിണറിൽ ഇറങ്ങിയെങ്കിലും അയാളും കിണറിൽകുടുങ്ങി പോവുകയായിരുന്നു.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആനന്ദന്റെ നേതൃത്വത്തിൽ എത്തുമ്പോൾ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് ആടിനെ പിടിച്ചു നിൽക്കുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് സേന റസ്ക്യൂ നെറ്റ് താഴ്ത്തിയശേഷം രണ്ടു പേരെയും കരയ്ക്ക് എത്തിച്ചു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദ് കെ യുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ ബിനീഷ് വികെ, ഇർഷാദ്, ശ്രീരാഗ്, നിൻരാജ്,ഹോംഗാർഡ് രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.