തുർക്കിയിലും സിറിയയിലും ശക്തമായ ഭൂകമ്പം: 3100 ഓളം പേർ മരിച്ചു
ഭൗമോപരിതലത്തിൽ നിന്ന് 18 കിലോമീറ്റർ ആഴത്തിലാണ് പ്രഭവസ്ഥാനം

അങ്കാറ:തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ശക്തമായ ഭൂകമ്പങ്ങളിൽ മൂവായിരത്തിഒരുന്നൂറോളം ആളുകൾ മരിച്ചു. തുർക്കിയിലെ ഗസിയന്റെപ് കേന്ദ്രമായി തിങ്കൾ പുലർച്ചെ 4.17നാണ് റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം ഉണ്ടായത്. കെയ്‌റോവരെ അതിന്റെ പ്രകമ്പനമുണ്ടായി. ഗസിയെന്റെ പിൽനിന്ന് 33 കിലോമീറ്റർ അകലെ ഭൗമോപരിതലത്തിൽ നിന്ന് 18 കിലോമീറ്റർ ആഴത്തിലാണ് പ്രഭവസ്ഥാനം. ഇതിന് 100 കിലോമീറ്റർ അകലെ പ്രാദേശിക സമയം പകൽ 1.30നാണ് (ഇന്ത്യൻ സമയം വെെകിട്ട് നാല്) രണ്ടാമത്തെ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തി. ഉച്ചയ്ക്കു ശേഷമാണ് മൂന്നാമത്തെ ഭൂകമ്പം ഉണ്ടായത്. തീവ്രത ആറ്.
പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ ഇരു രാജ്യങ്ങളിലുമായി ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. ഉറങ്ങിക്കിടന്ന ആയിരക്കണക്കിന് ആളുകൾ കെട്ടിടങ്ങൾക്ക് അടിയിലായി. രക്ഷാപ്രവർത്തനം തുടരുന്നു. ദുരന്തബാധിത മേഖലയിൽനിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. മഞ്ഞും മഴയും കടുത്ത തണുപ്പുമുള്ള കാലാവസ്ഥ രക്ഷാപ്രവർത്തനം മന്ദഗതി യിലാക്കി. പത്ത് പ്രവിശ്യകളിലായി തുർക്കിയിലെ അഡന, ദിയാർബകിർ ഉൾപ്പെടെയുള്ള മേഖലകളാണ് വലിയതോതിൽ ബാധിക്കപ്പെട്ടത്. ഇസ്‌കെന്ദെരുണിൽ ആശുപത്രി തകർന്നു വീണു. ഗസിയെന്റെപിലെ പ്രസിദ്ധമായ കൊട്ടാരത്തിനും വലിയ കേടുപാടുണ്ടായി.
തുർക്കിയിൽ മാത്രം ആയിരത്തിലധികം മരണം. 5300 പേർക്ക് പരിക്കേറ്റു. സിറിയയിൽ തിങ്കൾ വൈകിട്ടുവരെ തൊള്ളായിരം പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. പരിക്കേറ്റ് ചികിത്സയിലുള്ളവർ 2000. പുറത്തു വരുന്ന നാശനഷ്ടവിവരങ്ങൾ അധികവും ആദ്യ ഭൂകമ്പത്തിന്റേതാണ്. മറ്റ് വിവരം കൂടി പുറത്തുവരുമ്പോൾ മരണസംഖ്യയിൽ ഗണ്യമായ വർധനയുണ്ടാകുമെന്ന് തുർക്കി പ്രസിഡന്റ് റജെബ് തയ്യിപ് എർദോഗൻ പറഞ്ഞു.
സിറിയയിലും വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നായി രോഗികളെയും നവജാത ശിശുക്കളെയുമടക്കം സുരക്ഷിത ഇടത്തേക്ക് മാറ്റേണ്ടിവന്നു. അലെപ്പൊ, ഹമാ, അസ്‌മരിൻ തുടങ്ങിയ നഗരങ്ങളിലും വൻനാശമുണ്ടായി. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് മേഖലയാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. ഇവിടെമാത്രം ഇരുനൂറിലധികം മരണം സ്ഥിരീകരിച്ചു. ബോംബാ ക്രമണത്തിൽ നേരത്തേതന്നെ കേടുപാടുണ്ടായ കെട്ടിടങ്ങളാണ് മേഖലയിൽ അധികവും. ഭൂകമ്പങ്ങളും തുടർചലനങ്ങളും ഉണ്ടായതിനെ തുടർന്ന് മേഖലയിലെ പരിമിതമായ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. ഭൂകമ്പ സാധ്യതാ മേഖലയാണ് ഇപ്പോൾ ദുരന്തമുണ്ടായ പ്രദേശം. 1999ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിലുണ്ടായ ഭൂകമ്പങ്ങളിൽ 18,000 പേർ കൊല്ലപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളും നാറ്റോ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയും അടിയന്തര സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ട്.