ഇസ്രായേലിൽ കാണാതായ ബിജു കുര്യൻ കരിപ്പൂരിൽ എത്തി
മുങ്ങിയതല്ല, പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം
കോഴിക്കോട്: ആധുനിക കൃഷിരീതി പഠിക്കാൻ സംസ്ഥാന സർക്കാരിന്റെ സംഘത്തിനൊപ്പം പോയി ഇസ്രയേലിൽ കാണാതായ ഇരിട്ടി സ്വദേശി ബിജു കുര്യൻ തിരിച്ചെത്തി. ബഹ്റൈൻ വഴിയുള്ള എയർ ഗൾഫ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലാണ് പുലർച്ചെ നാലോടെ ബിജു എത്തിയത്. ബിജുവിനെ സഹോദരൻ വിമാനത്താവളത്തിൽ സ്വീകരിച്ചു.വീട്ടുകാരോട്, കൂടെയുണ്ടായിരുന്ന 26 പേരോട്, കൃഷി വകുപ്പിനോട്, പ്രിൻസിപ്പൽ സെക്രട്ടറി അശോകൻ സാറിനോട്, മന്ത്രിയോട്, സർക്കാരിനോട്, എല്ലാവരോടും നിർവ്യാജം മാപ്പ് ചോദിക്കുന്നു', ബിജു പറഞ്ഞു.
സംഘാംഗങ്ങളോട് പറഞ്ഞാൽ സമ്മതം ലഭിക്കില്ലെന്ന് കരുതിയതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നാണ് ബിജു പറയുന്നത്. ഇന്റനെറ്റ് സൗകര്യം ലഭിക്കാത്തതിനാലും ഐ.എസ്.ഡി. കോളുകൾ വിളിക്കാൻ കഴിയാത്ത തിനാലുമാണ് അറിയിക്കാൻ കഴിയാതിരുന്നത്. സോഷ്യൽ മീഡിയയിലും മറ്റും മുങ്ങിയെന്ന തരത്തിലെ പ്രചാരണം മനോവിഷമമുണ്ടാക്കി. തന്നെ കണ്ടെത്തുകയോ ഏജൻസികൾ പിടികൂടുകയോ ആയിരുന്നില്ല, നാട്ടിൽ നിന്ന് സഹോദരൻ അയച്ചുതന്ന ടിക്കറ്റിലാണ് തിരിച്ചെത്തിയതെന്നും ബിജു അവകാശപ്പെട്ടു
മുങ്ങിയതല്ല, പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സർക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും ബിജു പ്രതികരിച്ചു.'19-ാം തീയതി ഞായറാഴ്ചയായിരുന്നു തിരിച്ചുവരേണ്ടിയിരുന്നത്. അതിന് മുമ്പ്, പുണ്യനാട്ടിൽ എത്തിയിട്ട് വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുക എന്നത് ഞാൻ തീരുമാനിച്ച കാര്യമാണ്. ആദ്യം ജെറുസലേമിലേക്കും പിറ്റേദിവസം ബത്ലഹേമിലേക്കും പോയി. ശനിയാഴ്ച തിരിച്ചുവരാൻ ശ്രമിക്കുമ്പോൾ വാട്സാപ്പ് വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും ബന്ധപ്പെടാനുള്ള പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നു. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. മോശമായ രീതിയിലായിരുന്നു ഓരോ കാര്യങ്ങൾ വന്നത്. വിഷമമായതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല. അവിടെ തന്നെ തുടരേണ്ടിവന്നു. ഇങ്ങനെയൊരുഘട്ടത്തിൽ സംഘത്തിനൊപ്പം തിരിച്ച് എത്തിച്ചേരാൻ കഴിഞ്ഞില്ല. വിമാനത്താവളത്തിൽ വെച്ച് ബിജു മാധ്യമങ്ങളോട് പ്രതികരിച്ചു.
.

