വര്‍ക്കലയില്‍ പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സ് വിരിച്ച വലയിലേക്ക് ഇരുവരും വീഴുകയായിരുന്നു.
തിരുവനന്തപുരം: വര്‍ക്കല പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ യുവാവിനെയും യുവതിയെയും രക്ഷപ്പെടുത്തി. പാരാഗ്ലൈഡിംഗ് ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയും ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയത്.
പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സ് വിരിച്ച വലയിലേക്ക് ഇരുവരും വീഴുകയായിരുന്നു. വലയിലേക്ക് വീണതിനാല്‍ പരുക്കുകളില്ലെന്നാണ് നിഗമനം. ഇരുവരെയും വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നാലുമണിയോടെയാണ് പാരാഗ്ലൈഡിംഗ് ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയും ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയത്. ഒരു മണിക്കൂറോളം ഇരുവരും കുടുങ്ങി കിടന്നു. തനിക്ക് ആരോ ഗ്യ പ്രശ്നമുണ്ടെന്നും ശ്വാസ തടസം അനുഭവപ്പെടുന്നുണ്ടെന്നും യുവതി താഴെ നിൽക്കുന്നവരോട് പറയുന്നുണ്ടായിരുന്നു. യുവതിയുടെ കഴുത്തിൽ കയർ കുരുങ്ങിക്കിടന്നിരുന്നുവെന്നാണ് അറിയുന്നത്. വർക്കല പാരാഗ്‌ളൈഡിങ്ങിൽ അപകട സാധ്യത കൂടുതലുള്ള മേഖലയാണ്.

