മക്കൾ സാക്ഷികൾ ; ഷുക്കൂറും ഷീനയും രണ്ടാമതും വിവാഹിതരായി
ഇന്ന് രാവിലെ 10.15ന് ഹൊസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം.
കാഞ്ഞങ്ങാട്: വനിതാ ദിനത്തിൽ നടനും അഭിഭാഷകനുമായ ഷുക്കൂറും ഭാര്യ ഷീനയും രണ്ടാമതും വിവാഹിതരായി. 28 വർഷത്തെ ദാമ്പത്യ ജീവിതിത്തിനിടയിലാണ് ഇവർ വീണ്ടും വിവാഹിതരായത്.
മക്കളെ സാക്ഷികളാക്കി ഇന്ന് രാവിലെ 10.15ന് രജിസ്ട്രാർ ഓഫീസിൽവെച്ചായിരുന്നു വിവാഹം.
സ്പെഷ്യൽ മാര്യേജ് നിയമം വകുപ്പ് പ്രകാരമാണ് ഇവർ വിവാഹിതരായത്. അഡ്വ. സജീവനും സിപിഎം നേതാവായ വിവി രമേശനും സാക്ഷികളായി ഒപ്പുവെച്ചു.
തുല്യത എന്ന മാനവിക സങ്കൽപത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരിൽ നിലനിൽക്കുമ്പോൾ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയിൽ അഭയം പ്രാപിക്കുക മാത്രമാണ് താൻ ചെയ്യുന്നത്, തങ്ങളുടെ മക്കൾക്ക് വേണ്ടി ഇരുവരും ഒന്നുകൂടി വിവാഹിതരാകുന്നു എന്ന് സമൂഹ മാധ്യമത്തിലൂടെ ഷുക്കൂർ പങ്കുവെച്ചിരുന്നു.
മക്കളായ ഖദീജ ജാസ്മിൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ എന്നിവർ മാതാപിതാക്കളുടെ വിവാഹത്തിന് സാക്ഷിയായി. കണ്ണൂർ സർവ്വകലാശാല നിയമ വകുപ്പ് മേധാവിയാണ് ഷീന.

