എഐ ക്യാമറ വഴി പിഴ ഈടാക്കൽ; സമയപരിധി വീണ്ടും നീട്ടി
ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തിയുള്ള യാത്രയിൽ ഇളവ് നൽകുന്നതിൽ തീരുമാനമായില്ല

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളിൽ എഐ ക്യാമറ വഴി പിഴ ഈടാക്കുന്ന തിനുളള സമയപരിധി നീട്ടി. അടുത്ത മാസം അഞ്ച് മുതൽ പിഴ ഈടാക്കാൻ തീരുമാനമായി. മുന്നറിയിപ്പ് നോട്ടീസ് നൽകുന്നതിനുളള കാലാവധിയും ഒരു മാസത്തേക്ക് നീട്ടി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പിഴ ഈടാക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
മെയ് ഇരുപതാം തീയതി മുതൽ പിഴ ഈടാക്കി തുടങ്ങും എന്നായിരുന്നു നേരത്തെ ഗതാഗത വകുപ്പ് നൽകിയിരുന്ന നിർദ്ദേശം. കഴിഞ്ഞമാസം 19 മുതൽ പദ്ധതി നടപ്പിലാക്കി ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും പ്രതിഷേധങ്ങൾ കാരണം ഒരു മാസത്തേക്ക് ബോധവൽക്കരണം നടത്തുന്നതിനായി മാറ്റുകയായിരുന്നു. ഈ കാലയളവിൽ ഗതാഗത നിയമ ലംഘനങ്ങളിൽ നോട്ടീസ് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് നടന്നത്.
അതേ സമയം ഇരു ചക്ര വാഹനങ്ങളിൽ മാതാപിതാക്കൾ ക്കൊപ്പം കുട്ടികളെ കൊണ്ടു പോകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ പിഴ ഈടാക്കേണ്ടയെന്നാണ് സർക്കാർ തീരുമാനമെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധ്യതയില്ല. ഈ വിഷയത്തിൽ വരും ദിവസങ്ങളിൽ സർക്കാർ ചർച്ച നടത്തിയേക്കും.