വില്ലേജ് അസിസ്റ്റന്റിന്റെ മുറിയില്‍ നിന്ന്, കൈക്കൂലി വാങ്ങിയ കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു
സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് ഇത്രയധികം തുക വിജിലൻസ് പിടിക്കുന്നത് ഇതാദ്യം; നാളെ തൃശൂർ കോടതിയിൽ ഹാജരാക്കും

പാലക്കാട്: വില്ലേജ് അസിസ്റ്റന്റിന്റെ മുറിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു.സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഇത്രയധികം തുക വിജിലൻസ് പിടിക്കുന്നത് ഇതാദ്യമാണെന്ന് വിജിലൻസ്. പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ് സുരേഷ് കുമാറിൽ നിന്നാണ് ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം വിജിലൻസ് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. സുരേഷ് കുമാറിനെ നാളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
സുരേഷ്കുമാറിൻ്റെ വീട്ടിൽ നിന്ന് പണമായി പിടിച്ചെടുത്തത് 35 ലക്ഷം രൂപയാണ്. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്.പ്രതി ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. നാളെ തന്നെ കസ്റ്റഡി അപേക്ഷ നൽകും. അതേസമയം, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തെ കുറിച്ച് വിജിലൻസ് അന്വേഷിക്കും. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകൾ, 25ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് രേഖകളും 17കിലോ വരുന്ന നാൺണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
എംഇഎസ് കോളേജിന്‍റെ മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന സുരേഷ് കുമാറിന്‍റെ കാറില്‍ വച്ച് 2500 കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. മുമ്പ് ഇതേ പരാതിക്കാരനില്‍ നിന്ന് സുരേഷ് ബാബു കൈക്കൂലി വാങ്ങിയതായും വിജിലൻസ് അറിയിച്ചു. ഇതേ വസ്തു എല്‍ എ പട്ടയത്തില്‍ പെട്ടതല്ലെന്നുള്ള സര്‍ട്ടിഫിക്കേറ്റിനായി പരാതിക്കാരനില്‍ നിന്ന് ആറ് മാസം മുമ്പ് 10,000 രൂപയും പൊസഷൻ സര്‍ട്ടിഫിക്കേറ്റിനായി അഞ്ച് മാസം മുമ്പ് 9,000 രൂപയും വാങ്ങിയിരുന്നു.