മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതനായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകുയായിരുന്നു. സംസ്ക്കാരം പുതുപ്പള്ളിയിൽ. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.ഇന്ന്പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു ചികിത്സ. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്.
സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. രാഹുൽ ഗാന്ധി, സോണിയാഗാന്ധി തുടങ്ങിയ ഉന്നത കോൺഗ്രസ് നേതാക്കൾ ഉടൻ എത്തും. പ്രതിപക്ഷ യോഗം നടക്കുന്നതിനാൽ രാജ്യത്തെ പ്രധാന കോൺഗ്രസ് നേതാക്കൾ ബെംഗളൂരുവിലുണ്ട്. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-ൽ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹായിച്ചത്. ഭരണത്തിന്റെ അവസാന നാളുകളിൽ സോളാർ, ബാർ വിവാദം സംസ്ഥാനത്തെ പിടിച്ചുലച്ചു.1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു.1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.
ഉറച്ച ജനപിന്തുണയാണ് ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ എന്നും അനിഷേധ്യനായി നിലനിര്‍ത്തിയ ഘടകം.അഞ്ചു പതിറ്റാണ്ട് പിന്നിട്ടപ്പോഴും പുതുമ നഷ്ടപ്പെടാത്തൊരു പാരസ്പര്യമായിരുന്നു ഉമ്മന്‍ചാണ്ടിയും പുതുപ്പളളിയും തമ്മിലുണ്ടായിരുന്നത്. മഞ്ചേശ്വരത്തിനും പാറശാലയ്ക്കുമിടയിലെ നിരന്തര യാത്രകളിലൂടെ രാഷ്ട്രീയ കേരളത്തോളം വളര്‍ന്ന ഉമ്മന്‍ചാണ്ടി പുതുപ്പളളിയില്‍ നിന്നായിരുന്നു ആ യാത്രകളത്രയും തുടങ്ങിയതും അവസാനിപ്പിച്ചതും.970 ല്‍ തനിക്ക് ആദ്യമായി വോട്ടു ചെയ്ത പുതുപ്പളളിക്കാരുടെ മക്കളിലേക്കും പേരക്കുട്ടികളിലേക്കും അവരുടെ മക്കളിലേക്കും വേരുപടര്‍ത്തിയൊരു വ്യക്തി ബന്ധമായിരുന്നു സംസ്ഥാന രാഷ്ട്രീയത്തിന്‍റെ നെറുകയിലേക്ക് വളര്‍ന്നു കയറാനുളള ഉമ്മന്‍ചാണ്ടിയുടെ അടിത്തറ.ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ചയെന്നൊരു ദിവസമുണ്ടെങ്കില്‍ കാരോട്ട് വളളക്കാലിലെ വീട്ടില്‍ കുഞ്ഞൂഞ്ഞുണ്ടാവുമെന്നും എല്ലാ പ്രശ്നങ്ങള്‍ക്കും അന്നൊരു പരിഹാരം കാണുമെന്നുമുളള ഉറപ്പിലായിരുന്നു ശരാശരി പുതുപ്പളളിക്കാരന്‍റെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലത്തെ ജീവിതവും. അതുകൊണ്ടു തന്നെയാണ് 1970 നും നും 2021നുമിടയിലെ തിരഞ്ഞെടുപ്പുകളിലെല്ലാം എതിരാളികള്‍ മാറി മാറി മാറി വന്നിട്ടും ഉമ്മന്‍ചാണ്ടിയല്ലാതൊരു പേര് പുതുപ്പളളിക്കാരുടെ മനസിലേക്കു കയറാതിരുന്നതും. പുതുപ്പളളിയല്ലാതൊരു സുരക്ഷിത മണ്ഡലത്തെ കുറിച്ച് ഉമ്മന്‍ചാണ്ടി ആലോചിക്കാതിരുന്നതും.ഉറച്ച ജനപിന്തുണയാണ് ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ എന്നും അനിഷേധ്യനായി നിലനിര്‍ത്തിയ ഘടകം. പലതവണ വിവാദങ്ങളിലകപ്പെട്ടപ്പോഴും മുന്നില്‍ നിന്ന് എല്ലാത്തിനെയും നേരിട്ട ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയതന്ത്രങ്ങളുടെ മൂര്‍ച്ചയ്ക്ക് അവസാന ഘട്ടം വരെയും ഒരു കുറവും സംഭവിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം രാഷ്ട്രീയ കേരളത്തിന്റെ കളത്തില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായ നിറഞ്ഞുനിന്ന നേതാവ്. ഏത് രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കിടയിലും അടിപതറാതെ നിന്ന ഉമ്മന്‍ചാണ്ടി രാഷ്ട്രീയതന്ത്രങ്ങളിലൂടെത്തന്നെയാണ് പാര്‍ട്ടിക്കുള്ളിലെയും പുറത്തെയും എതിരാളികളെ ഒതുക്കിയതും ഒപ്പംനില്‍ക്കുന്നവരെ കൈപിടിച്ചുയര്‍ത്തിയതും. രാഷ്ട്രീയത്തില്‍ മുന്നേറാന്‍ കിട്ടിയ ഒരു അവസരവും ഉമ്മന്‍ചാണ്ടി പാഴാക്കിയില്ല. തിരിച്ചടി നേരിട്ടപ്പോഴാകട്ടെ തന്ത്രപൂര്‍വം ഒതുങ്ങിനിന്ന് അടുത്ത അവസരത്തിനായി കാത്തുനിന്നു.