മിഠായി തെരുവില്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കുന്നുകൂടിയിട്ട് മൂന്ന് മാസം
പാര്‍ക്കിങ്ങ് പ്ലാസ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നു

കോഴിക്കോട് :പാർക്കിങ് പ്ലാസ നിർമിക്കാൻ കോർപറേഷൻ പൊളിച്ചു നീക്കിയ മിഠാിയി തെരുവിലെ കിഡ്സൺ ബിൽഡിങിന്റെ അവശിഷ്ടങ്ങൾ മിഠായിത്തെരുവിന്റെ കവാടത്തിൽ കുന്നു കൂടിയിട്ടു 3 മാസം പിന്നിട്ടു. മിഠായിത്തെരുവിലേക്കു കടക്കുന്നതിനു തൊട്ടടുത്തായാണ് കോൺക്രീറ്റ് അവശിഷ്ടങ്ങളും മണലും പൊട്ടിയ കല്ലുമെല്ലാം മല പോലെ കിടക്കുകയാണിവിടെ. കെട്ടിടാവശിഷ്ടങ്ങളിൽ വിൽക്കാനാകുന്ന കല്ലുകളും മര ഉരുപ്പടികളുമെല്ലാം ഇവിടെ നിന്നു നീക്കി. കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിലാണു താമസം.
കെട്ടിടം പൊളിച്ചു നീക്കാൻ കോർപറേഷനിൽ നിന്നു കരാർ എടുത്തയാൾ ഇതു മറ്റൊരാൾക്ക് ഉപ കരാർ നൽകിയെന്നാണു വിവരം. അവരാകട്ടെ, കോൺക്രീറ്റ് അവശിഷ്ടങ്ങൾ ആവശ്യമുള്ളവർ ലോറിയുമായി വരുമ്പോൾ മാത്രം നൽകുന്ന രീതിയാണ് തുടരുന്നതെന്നാണ് പരിസരത്തെ കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ 2 ആഴ്ചയായി ഇവിടെ നിന്ന് കാര്യമായി കെട്ടിടാവശിഷ്ടങ്ങൾ ഒന്നും നീക്കിയിട്ടില്ലെന്നും അവർ പറഞ്ഞു. കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ചെയ്യുന്നതിനായി രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഇവിടെ നിർത്തിയിട്ടുണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണുപ്രവൃത്തി.
പാർക്കിങ് പ്ലാസയുടെ പ്രവൃത്തി തുടങ്ങാൻ ഈ കെട്ടിടാവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്യണം. ഇവിടെ 320 കാറുകളും 180 ഇരുചക്ര വാഹനങ്ങളും നിർത്തിയിടാൻ കഴിയുന്ന ബഹുനില പാർക്കിങ് പ്ലാസ നിർമിക്കാനാണ് കോർപറേഷൻ പദ്ധതിയിട്ടിരിക്കുന്നത്. കഴിഞ്ഞ കൗൺസിലിന്റെ കാലത്തുള്ള പദ്ധതിയാണ് അവരുടെ കാലാവധി കഴിഞ്ഞ് പുതിയ കൗൺസിൽ വന്നിട്ട് 3 വർഷം പിന്നിടുമ്പോഴും തറക്കല്ലിടാൻ പോലും കഴിയാതെ ഇഴയുന്നത്. ഈ നില തുടർന്നാൽ ഈ കൗൺസിലിന്റെ കാലത്തും ഇവിടെ പാർക്കിങ് പ്ലാസ പൂർത്തിയാക്കാനാകാത്ത അവസ്ഥയായിരിക്കും.