കൊയിലാണ്ടിയിൽ ലാന്റ് അക്വിസിഷൻ എൻ.എച്ച് ക്ലർക്ക് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ
കുറുവങ്ങാട് എൽ.എ എൻ.എച്ച് ഓഫീസ് പരിസരത്ത് നിന്നാണ് പിടികൂടിയത്
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ലാന്റ് അക്വിസിഷൻ എൻ.എച്ച് ക്ലർക്ക് പി.ഡി. ടോമി കൈക്കൂലി സ്വീകരിക്കുന്നതിനിടയിൽ വിജിലൻസ് പിടിയിൽ. കുറുവങ്ങാട് എൽ.എ എൻ.എച്ച് ഓഫീസ് പരിസരത്ത് നിന്നാണ് പിടികൂടിയത്. 86000 രൂപ കൈക്കൂലി സ്വീകരിക്കുന്ന തിനിടയിലാണ് പിടിയിലായത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെടുന്നവർക്ക് പുനരധിവാസത്തിനായി പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള ലാന്റ് അക്വിസിഷൻ തഹസിൽദാറുടെ ഓഫീസിലെ ക്ലർക്കാണ് പി.ഡി.ടോമി.
ഡി.വൈ.എസ്.പി സുനിൽകുമാർ, സി.ഐ.സരിൻ, എസ്.ഐമാരായ രാധാകൃഷ്ണൻ, സുനിൽ, ഹരീഷ് കുമാർ എ.എസ്.ഐ ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് നടപടിയെടുത്തത്. 286,000രൂപ നഷ്ടപരിഹാരം നൽകാനായി എൺപത്തിയാറായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാന ത്തിലായിരുന്നു പരിശോധന നടന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളിൽ നിന്നും എഴുപതിനായിരം രൂപയുടെ ചെക്കും, പതിനായിരം രൂപയും പിടിച്ചെടുത്തു. പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

