കണ്ണിൽ മുളക് പൊടി വിതറി കവർച്ച നടത്തിയ സംഭവം; മുഖ്യ സൂത്രധാരൻ പൊലീസ് പിടിയിൽ
മുക്കത്തിനടുത്ത് പെട്രോൾ പമ്പില്‍ വച്ചായിരുന്നു മുളകുപൊടി വിതറി മോഷണം

കോഴിക്കോട്: പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറി കവർച്ച നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. വയനാട് കാവുമന്ദം സ്വദേശി അൻസാറാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് മുക്കത്തിന് സമീപം പെട്രോൾ പമ്പില്‍ വച്ചായിരുന്നു മുളകുപൊടി വിതറി സംഘം മോഷണം നടത്തിയത്. നേരത്തെ കേസില്‍ മൂന്ന് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
മുക്കത്തിനടുത്ത് മാങ്ങാ പ്പൊയിലിലെ പെട്രോൾ പമ്പിൽ ഈ മാസം 17-ന് പുലർച്ചെയായിരുന്നു കവര്‍ച്ച നടന്നത്. മുളുക് പൊടി എറിഞ്ഞും ജീവനക്കാരന്റെ മുഖത്ത് മുണ്ട് കൊണ്ട് മൂടിയുമായിരുന്നു മോഷണം. കേസില്‍ പ്രായ പൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് മലപ്പുറം സ്വദേശികള്‍ നേരത്തെ പിടിയിലായിരുന്നു. വയനാട് കാവുമന്ദം ചെന്നലോട് പാലപറമ്പ് അൻസാറാണ് ഇന്ന് വൈകീട്ട് അറസ്റ്റിലായത്. മോഷണത്തിന് ശേഷം ഗോവയിലേക്ക് കടന്ന അൻസാർ അവിടെ ഒരു വീട്ടിൽ രോഗിയെ പരിചരിക്കാൻ കെയർ ടേക്കറായി ജോലിക്ക് നിൽക്കുകയായിരുന്നു. തിരിച്ചു വയനാട്ടിലേക്ക് വരുന്നതിനിടെയാണ് താമരശ്ശേരി വെച്ച് പിടിയിലാവുന്നത്.