കോതമംഗലത്തു നിന്ന് കാണാതായ 13 വയസുകാരി ചങ്ങനാശ്ശേരിയില്‍
കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പ്രാഥമിക വിവരം
കോതമംഗലം: കോതമംഗലത്തുനിന്ന് കാണാതായ 13 വയസുകാരിയെ ചങ്ങനാശ്ശേരിയില്‍ നിന്ന് കണ്ടെത്തി. കെഎസ്ആര്‍ടിസി ബസിലാണ് കുട്ടി ചങ്ങനാശ്ശേരിയില്‍ എത്തിയത്. കുട്ടിയെ കണ്ട് ബസ് കണ്ടക്ടര്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി സ്റ്റാന്റിലായിരുന്നു കുട്ടി. കുട്ടിയെ ചങ്ങനാശേരി പൊലീസെത്തി കൂട്ടിക്കൊണ്ടുപോയി. വൈകാതെ തന്നെ കുട്ടിയെ കോതമംഗലത്ത് നിന്നുള്ള ബന്ധുക്കളെ ഏൽപ്പിക്കും. കുട്ടി നിലവില്‍ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലാണുള്ളത്.വീട്ടില്‍ നിന്നാണ് കുട്ടിയെ ഇന്നലെ വൈകീട്ട് 3.30ഓടെ കാണാതായത്. ആറ് വയസുകാരനായ അനുജനെ തനിച്ചാക്കി പെൺകുട്ടി വീട്ടിൽ നിന്ന് പോവുകയായിരുന്നു. ഇഞ്ചൂര്‍ സ്വദേശിയാണ്. കുട്ടി എന്തിനാണ് വീട് വിട്ടിറങ്ങിയതെന്ന് വ്യക്തമായിട്ടില്ല.
കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പ്രാഥമിക വിവരം. വാരപ്പെട്ടിയിലെ വീട്ടിൽ തോളത്ത് ഒരു ബാഗും തൂക്കി റോഡരികിലൂടെ കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ നാടൊട്ടുക്ക് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം കുട്ടിയെ ചങ്ങനാശേരിയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പോകുമ്പോൾ കുട്ടിയുടെ പക്കൽ കുടുക്ക പൊട്ടിച്ച പണമുണ്ടായിരുന്നുവെന്നും ക്രിസ്മസ് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിന്റെ പേരിൽ കുട്ടിയെ വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്നുവെന്നും വിവരമുണ്ട്. കാണാതായതുമായി ബന്ധപ്പെട്ട് കുട്ടിയോട് വിവരങ്ങൾ പൊലീസ് ചോദിച്ചറിയും.

