അപ് അപ് അപ്....കണ്ണൂരിന് കടിഞ്ഞാണിട്ട് ഒരു പോയിന്റ് മാത്രം പിന്നില്‍ കോഴിക്കോട്
പാലക്കാട് പിറകിലേക്ക്, തൃശൂരിന്റെ കിരീട സ്വപ്നം പൊലിയും ?

കൊല്ലം: കൊല്ലത്തെ കലാകിരീടത്തിനായുള്ള പോരാട്ടത്തിന്റെ രസച്ചരട് മുറുകി. ഇപ്പോള്‍ ഒരു പോയിന്റ് മാത്രം പിറകിലായി പാലക്കാടിനെ മൂന്നാം സ്ഥാനത്തേക്ക് പിടിച്ചിട്ട് കോഴിക്കോടിന്റെ ജൈത്രയാത്ര. ഒടുവില്‍ വിവരം കിട്ടുമ്പോള്‍, 25 പോയിന്റിന് വരേ മുന്നിലായിരുന്ന കണ്ണൂര്‍ 872പോയിന്റുമായി കേവലം ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. കോഴിക്കോട് 871പോയിന്റോടെ രണ്ടാമതും 865 പോയിന്റുമായി പാലക്കാട് മൂന്നാമതും നില്‍ക്കുന്നു. 848 പോയിന്റുള്ള തൃശൂരിന്റെ കിരീട മോഹം ഒരു ദിനം ബാക്കി നില്‍ക്കേ അവസാനിയ്ക്കുന്നതായാണ് സൂചന.ആദ്യ രണ്ട് ദിവസങ്ങളില്‍ കണ്ണൂര്‍ നടത്തിയ ആധികാരിക മുന്നേറ്റത്തെ തടയിടാൻ കോഴിക്കോട് ഉജ്ജ്വല കുതിപ്പ് തുടരുകയാണ്.
ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, ,നാടകം, ഹയർസെക്കൻഡറി വിഭാഗം കേരളനടനം, നാടോടി നൃത്തം, , കോൽക്കളി, വട്ടപ്പാട്ട്, സംഘ നൃത്തം തുടങ്ങിവയായിരുന്നു ഇന്നത്തെ പ്രധാന മത്സരങ്ങൾ. കനത്ത മഴയെ തുടർന്ന് വേദി ഒന്നിൽ മത്സരം നിർത്തി വെയ്ക്കേണ്ടി വന്നു. സംഘനൃത്ത മത്സരത്തിനായി വേദി തിങ്ങി നിറഞ്ഞിരിക്കുമ്പോഴാണ് രസം കൊല്ലിയായി മഴ പെയ്തത്.
മത്സരച്ചൂടിനിടെ പെയ്ത കനത്ത മഴ തടസം സൃഷ്ടിച്ചു. വേദികൾക്ക് പുറത്തുണ്ടായ വെള്ളക്കെട്ട് മത്സർഥികളെയും കാണികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ഗ്രീൻ റൂമിലടക്കം വെള്ളം കയറി. ഇതോടെ കുറച്ചു സമയത്തേക്ക് മത്സരം നിർത്തിവച്ചു.ജെസിബി എത്തി മണ്ണ് ഇട്ടതോടെയാണ് വെള്ളക്കെട്ട് ഒഴിവായത്. നാലാം വേദിക്ക് പുറത്തും സമാനമായിരുന്നു സ്ഥിതി. അതേസമയം വൃന്ദവാദ്യം വേദിയിൽ ആവശ്യമായ ശബ്ദ സംവിധാനങ്ങൾ ഇല്ലാത്തത് പ്രതിഷേധങ്ങൾക്ക് കാരണമായി. വേദി മാറ്റിയാണ് പരിപാടി ആരംഭിച്ചത്.