സ്വര്‍ണ്ണക്കപ്പില്‍ പിടി വിടാതെ കോഴിക്കോട്: കണ്ണൂരിന്റെ ലീഡ് ഏഴായി കുറഞ്ഞു
പാലക്കാടിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തുള്ളി കോഴിക്കോട് രണ്ടാമത്

കൊല്ലം: 62-ാമത് സ്കൂൾ കലോത്സവത്തിൽ കലാകിരീടത്തിനായി പോരാട്ടം മുറുകുന്നു. ആദ്യ രണ്ട് ദിവസങ്ങളില്‍ കണ്ണൂര്‍ നടത്തിയ ആധികാരിക മുന്നേറ്റത്തെ തടയിടാൻ കോഴിക്കോട് ഉജ്ജ്വല കുതിപ്പ് തുടരുകയാണ്. പിടി വിടാതെ കൂടിയ പാലക്കാടിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കോഴിക്കോടിപ്പോള്‍ വെറും ഏഴ് പോയിന്റ് വ്യത്യാസത്തിലാണ് കണ്ണൂരിന് പിറകില്‍ രണ്ടാം സ്ഥാനത്തുള്ളത്. ലീഡ് നില ഗണ്യമായി കുറയുകയാണെങ്കിലും കണ്ണൂരാകട്ടെ 715 പോയിന്റുമായി ഒന്നാം സ്ഥാനം വിടാതെ കുതിക്കുന്നു.
ഒരു ഘട്ടത്തില്‍ തൊട്ടടുത്തുള്ള എതിരാളികളുമായി ഇരുപതിലധികം പോയിന്റ് കൂടുതല്‍ നേടിയ കണ്ണൂര്‍ ഏക പക്ഷീയ വിജയത്തിലേക്കടുക്കുമെന്ന് തോന്നിപ്പിച്ചപ്പോള്‍ കോഴിക്കോട് പതിവു പോലെ മന്ദഗതിയില്‍ തുടങ്ങി അവസാനഘട്ടത്തിലെ ആഞ്ഞടിക്കുന്ന ലക്ഷണമാണ് ഇപ്പോള്‍ കാണുന്നത്. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആറാം സ്ഥാനത്തായിരുന്ന കോഴിക്കോട് ഇപ്പോള്‍ 708 പോയിന്റുമായാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്.പാലക്കാടിന് 706 പോയിന്റാണ് ലഭിച്ചത്.തൊട്ടടുത്ത സ്ഥാനക്കാരെക്കാൾ 25 പോയിൻറ് വരെ മുകളിലായിരുന്നു കണ്ണൂർ. അതാണ് ഇപ്പോൾ കുറഞ്ഞ് ഏഴിലെത്തിയിരിക്കുന്നത്.ആറാം സ്ഥാനത്തായിരുന്ന കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി എന്നതും മറ്റൊരു പ്രത്യേകതയായി .
ഹൈസ്കൂള്, ഹയര്‍ സെക്കണ്ടറി ജനറല്‍ വിഭാഗങ്ങളില്‍ എഴുപത്തിയേഴ് ഇനങ്ങളും പൂര്‍ത്തിയായപ്പോള്‍ തൃശൂര്-685, കൊല്ലം-679, മലപ്പുറം-674, എറണാകുളം-666, തിരുവനന്തപുരം637, ആലപ്പുഴ-632, കാസര്‍ഗോഡ്-632, കോട്ടയം-623, വയനാട്-589, പത്തനം തിട്ട558, ഇടുക്കി-536,എന്നിങ്ങനെയാണ് പോയിന്റ് നില.