മഹാരാജാസിൽ ഇന്നലെ അര്‍ദ്ധ രാത്രി സംഘര്‍ഷം;എസ്എഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു
എസ്‌എഫ്ഐ യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസിറിനാണ് കുത്തേറ്റത്

കൊച്ചി: മഹാരാജാസ് കോളേജിൽ ഇന്നല അര്‍ദ്ധ രാത്രിയോടെയുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്‌എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. മഹാരാജാസ് കോളേജ് എസ്‌എഫ്ഐ യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസിറിനാണ് കുത്തേറ്റത്. ഫ്രറ്റേണിറ്റി കെ എസ് യു പ്രവർത്തകർ ക്യാംപസിനകത്തിട്ട് കുത്തി ക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് എസ്എഫ്ഐ ആരോപണം. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. എംജി നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടക പരിശീലനം നടക്കുന്നുണ്ടായിരുന്നു. സംഘാടകച്ചുമതലയുടെ ഭാഗമായി അബ്ദുൾ നാസിറും എസ്എഫ്ഐ പ്രവർത്തകരും ക്യാംപസിലുണ്ടായിരുന്നു.
ക്യാംപസിലെത്തിയ ബിലാൽ, അമൽ ടോമി എന്നിവരുടെ നേതൃത്വത്തിൽ അക്രമിസംഘം ക്യാംപസിലെത്തുകയും എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. ആക്രമണത്തിൽ അബ്ദുൾ നാസിറിന്റെ വയറിനും കെെകാലുകൾക്കും കുത്തേറ്റു. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റു. പരിക്കേറ്റവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.