17 എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്: 'ഇരിപ്പുസമരം' അവസാനിപ്പിച്ച് ഗവര്‍ണര്‍
പ്രതിഷേധക്കാര്‍ പാര്‍ട്ടിയുടെ ദിവസവേതനക്കാരാണെന്ന് ഗവര്‍ണര്‍

കൊല്ലം: കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിന്റെ എഫ്‌ഐആർ കാണിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 17 പേര്‍ക്കെതിരെ കേസെടുത്തതിന്റെ എഫ്‌ഐആര്‍ പരിശോധിച്ച ശേഷമാണ് ഗവര്‍ണര്‍ രണ്ട് മണിക്കൂറോളം നീണ്ട 'ഇരിപ്പുസമരം' അവസാനിപ്പിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്വാമി സദാനന്ദ ആശ്രമത്തില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. ഇവിടെ എത്തിയപ്പോള്‍ ചില ആളുകള്‍ എന്റെ കാര്‍ ആക്രമിച്ചു. നിശ്ചിത അകലം പാലിച്ച് കരിങ്കൊടി കാണിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ചിലര്‍ കാറിന്റെ തൊട്ടടുത്ത് എത്തിയതോടെയാണ് ഞാന്‍ പുറത്തേക്ക് ഇറങ്ങിയത്. പൊലീസ് എഫ്‌ഐആര്‍ പ്രകാരം 17 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവിടെ എത്ര പൊലീസുകാര്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയാണ് ഇതുവഴി കടന്നു പോകുന്നതെങ്കില്‍ കരിങ്കൊടിയേന്തിയ പ്രതിഷേധക്കാരെ കാര്‍ ആക്രമിക്കാന്‍ അനുവദിക്കുമോയെന്നാണ് എന്റെ ചോദ്യം.
പൊലീസിനെ പഴിചാരുകയല്ല. മുഖ്യമന്ത്രിയാണ് നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം കൊടുത്തത് മുഖ്യമന്ത്രിയാണ്. പ്രതിഷേധക്കാര്‍ പാര്‍ട്ടിയുടെ ദിവസവേതനക്കാരാണ്. 50 പ്രവര്‍ത്തകരാണ് ഇവിടെയുണ്ടായിരുന്നത്. ഞാന്‍ എത്തുന്നതിന് മുമ്പ് പൊലീസിന് പ്രതിഷേധക്കാരെ നീക്കാമായിരുന്നു. പക്ഷെ, മുഖ്യമന്ത്രിയുടെ നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ പൊലീസുകാര്‍ അത് ചെയ്തില്ല. തിരുവനന്തപുരത്ത് വെച്ച് പ്രവര്‍ത്തകര്‍ എന്റെ കാര്‍ തകര്‍ത്തിരുന്നു.' സംഭവത്തെക്കുറിച്ച് ഗവർണർ വിശദീകരിച്ചു.