സ്കൂട്ടർ തടഞ്ഞു നിർത്തി ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ചു; യുവതിക്ക് ദാരുണാന്ത്യം
ഇന്ന് രാവിലെ ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് സംഭവം
ആലപ്പുഴ: ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല പട്ടണക്കാട് വലിയവീട്ടിൽ ആരതി (32) ആണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് രാവിലെ ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് ആരതിയെ ഭർത്താവ് ശ്യാം ജി.ചന്ദ്രന്‍ (36) സ്കൂട്ടർ തടഞ്ഞുനിർത്തി നടുറോഡിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
പൊള്ളലേറ്റ ഭർത്താവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആരതി. ഇന്നു രാവിലെ സെന്റ് മേരീസ് പാലത്തിനു സമീപത്തു നിന്നും ഇടറോഡിലൂടെ സ്കൂട്ടറിൽ സ്ഥാപനത്തിലേക്കു വരുമ്പോഴാണ് അക്രമമുണ്ടായത്. ഇടറോഡില്‍ കാത്തിരുന്ന ശ്യാം, സ്കൂട്ടർ തടഞ്ഞ് ആരതിയെ വലിച്ചിറക്കി കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

