പി ജയരാജന്‍ വധശ്രമക്കേസ്; എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി.

കൊച്ചി: സിപിഐഎം നേതാവ് പി ജയരാജന്‍ വധശ്രമക്കേസില്‍ ഒരാള്‍ ഒഴികെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി. ബാക്കി എട്ട് പേരെയും വെറുതെ വിട്ടു.
1999 ല്‍ തിരുവോണ നാളില്‍ പി ജയരാജനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.ആർഎസ്എസ് നേതാക്കളായിരുന്നു കേസിലെ പ്രതികൾ. ജസ്റ്റിസ് സോമരാജനാണ് വിധി പറഞ്ഞത്.
ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി, എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. രണ്ടാം പ്രതി പ്രശാന്തിന് കീഴടങ്ങാന്‍ രണ്ട് മാസത്തെ സമയം അനുവദിച്ചു. സാക്ഷികള്‍ ആയുധം കൃത്യമായി തിരിച്ചറിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.