സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ഇന്ന് പുനഃസ്ഥാപിക്കും
സംസ്ഥാന ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്നലെ മുടങ്ങിയിരുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് പുനഃസ്ഥാപിക്കും. ശമ്പള വിതരണം മുടങ്ങിയതിലുള്ള സാങ്കേതിക പ്രശ്‌നം പരിഹരിക്കുമെന്ന് ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു. സംസ്ഥാന ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്നലെ മുടങ്ങിയിരുന്നു. എല്ലാ മാസവും ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ഇന്നലെ കിട്ടിയിരുന്നില്ല.ട്രഷറി അക്കൗണ്ടുകളില്‍ പണം എത്തിയെന്ന് കാണിച്ചെങ്കിലും ഈ തുക ബാങ്കുകളിലേക്ക് മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ജീവനക്കാരുടെ ട്രഷറി അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചതാണ് കാരണം. ഇത് സാങ്കേതിക പ്രശ്‌നമാണെന്നും ഇന്ന് പരിഹരിക്കുമെന്നും ധനവകുപ്പ് അറിയിച്ചു.
എന്നാല്‍ ശമ്പളവും പെൻഷനും വിതരണം ചെയ്യാനാകാത്ത സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെയും ധനകാര്യ മിസ് മാനേജ്മെൻ്റിൻ്റെയും ദുരന്തഫലമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. ധൂർത്തിനും ആഡംബരത്തിനും നിർലോഭം പണം ചെലവഴിക്കുന്ന സർക്കാർ ,ശമ്പളവും പെൻഷനും നൽകാതെ ജീവനക്കാരെയും പെൻഷൻകാരെയും ശ്വാസം മുട്ടിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.

