മുരളി ദേഷ്യം വന്നാല്‍ എന്തും വിളിച്ചു പറയുന്ന ആള്‍: പത്മജ
അച്ഛനെയൊക്കെ മുരളി എന്തൊക്കെയോ വിളിച്ച് പറഞ്ഞിട്ടുണ്ട്

തിരുവനന്തപുരം: മുരളിയ്ക്ക് ദേഷ്യം വന്നാൽ എന്തൊക്കെയാണ് പറയുകയെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. അദ്ദേഹം പാർട്ടി വിട്ട് പല പ്രാവശ്യം പോയപ്പോഴും ഞാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ. എന്റെ സഹോദരനാണെന്ന ബോധ്യം എനിക്ക് നല്ലതുപോലെ ഉണ്ടായിരുന്നു. പക്ഷേ ദേഷ്യം വന്നാൽ മുരളി പെങ്ങളാണോ അച്ഛനാണോ എന്നൊന്നും നോക്കില്ല. അച്ഛനെയൊക്കെ എന്തൊക്കെ പറഞ്ഞിരിക്കുന്നു’. പത്മജ സ്വകാര്യ ചാനലിന് അനുവദിച്ച പ്രത്യേക പ്രതികരണത്തിൽ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിന്റെ രൂക്ഷ വിമർശനത്തിന് പരിഹാസമായിരുന്നു പത്മജയുടെ മറുപടി. ചാനലിൽ കയറി വലിയ ആളായവരൊന്നും തന്നെക്കുറിച്ച് പറയാൻ വരേണ്ടെന്നും രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുന്നുവെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.
ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം ഉപാധികളില്ലാതെയാണെന്ന് പത്മജ പറഞ്ഞു. തന്റെ പരാതികൾ നിരന്തരം അവഗണിക്കുകയും തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കോൺഗ്രസിനോടുള്ള അസംതൃപ്തിയാണ് തന്നെ ബിജെപിയിലെത്തിച്ചതെന്ന് പത്മജ പറഞ്ഞു. ബിജെപിയുടെ ശക്തമായ നേതൃത്വമാണ് തന്നെ ആകർഷിച്ചത്.