കാവുന്തറയിലെ കവർച്ചാ കേസിലെ പ്രതി പോലീസിന്റെ പിടിയിൽ
പ്രതിയെ പോലീസ് കേസിൽ മുമ്പ് ചോദ്യം ചെയ്തിരുന്നെങ്കിലും വിട്ടയച്ചിരുന്നു

പേരാമ്പ്ര: പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കാവുന്തറയിലെ വീട് കവർച്ച കേസിലെ പ്രതി 5 മാസത്തിനുശേഷം പോലീസ് പിടിയിൽ. കൂരാച്ചുണ്ട് കാളങ്ങാലിയിൽ പാറയിൽ മുസ്തഫ എന്ന മുത്തു ആണ് പോലീസിന്റെ പിടിയിലായത്. വീട്ടുകാർ ബന്ധു വീട്ടിൽ പോയ സമയത്ത് രാത്രി വീടിൻ്റെ മുൻഭാഗത്തെ ഗ്രില്ല് പൊട്ടിക്കുകയും കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിത്തുറന്ന് അലമാരയിലും മറ്റും സൂക്ഷിച്ച 26 ഓളം പവൻ സ്വർണവും 25,000 രൂപയും കളവു ചെയ്യുകയായിരുന്നു.
മുസ്തഫയെ പേരാമ്പ്ര പോലീസ് ഈ കേസിൽ മുമ്പ് ചോദ്യം ചെയ്തിരുന്നെങ്കിലും വിട്ടയച്ചതായിരുന്നു. ഈ കേസിലെ മറ്റൊരു കൂട്ടുപ്രതിയെ കൂടി പോലീസ് അന്വേഷിച്ചെങ്കിലും പ്രതി കേരളത്തിനു പുറത്തേക്ക് കടന്നതായി സംശയിക്കുന്നതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വീണ്ടും പോലീസ് പിന്തുടർന്ന് പിടി കൂടുകയായിരുന്നു.അഞ്ച് മാസമായിട്ടും പ്രതിയെ കിട്ടാതിരുന്ന ഈ കേസിൽ കോഴിക്കോട് റൂറൽ എസ്പി നിധിൻ രാജ് ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിൻ്റെ മേൽനോട്ടത്തിൽ കേസന്വേഷണം ഊർജിതമാക്കുകയും ഈ കേസിൻ്റെ അന്വേഷണത്തിലേക്ക് തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
തുടർന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കോഴിക്കോട് ഉണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പോലീസും പേരാമ്പ്ര ഡിവൈഎസ്പി സ്ക്വാഡും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.