ജില്ലാ കലോത്സവം: സിറ്റി കുതിപ്പ് തുടരുന്നു,സർക്കാർ സ്കൂളുകളിൽ കോക്കല്ലൂർ ഒന്നാമത്
യുപി സംസ്കൃതത്തിൽ അഴിയൂർ എയുപി ഒന്നാമത്,അറബിക് കലോത്സവത്തിൽ വാണിമേൽ സ്കൂളുകൾ
കോഴിക്കോട് : കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നാലാം ദിവസം പൂർത്തിയാകുമ്പോൾ സബ്ജില്ലാതലത്തിൽ 636 പോയിന്റുമായി കോഴിക്കോട് സിറ്റി ഉപജില്ല മുന്നേറ്റം തുടരുന്നു. 610 പോയിൻറ് നേടി ചേവായൂർ രണ്ടാമതും 595 പോയിൻറ് നേടി കൊടുവള്ളി മൂന്നാമതും ആണ്. 569 മായി പേരാമ്പ്ര ഉപജില്ല നാലാം സ്ഥാനത്തും 546 പോയിൻറ് ഉള്ള കൊയിലാണ്ടി ഉപജില്ല അഞ്ചാംസ്ഥാനത്തും നിൽക്കുന്നു. സ്കൂൾ വിഭാഗത്തിൽ 207 പോയിൻറ് നേടിയ സിൽവർ ഹിൽസ് ഹയർസെക്കൻഡറി സ്കൂളാണ് ഒന്നാമത്. ഒരു പോയിൻറ് വ്യത്യാസത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ 206 പോയിൻ്റുമായി രണ്ടാം സ്ഥാനത്ത് എത്തി. നേരത്തെ സ്ഥിരമായി മുന്നിലെത്താറുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്നിലാക്കി 171 പോയിൻറ് നേടി കോക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നടത്തിയ കുതിപ്പ് ശ്രദ്ധേയമായി. നിലവിൽ മൂന്നാം സ്ഥാനത്താണ് ജിഎച്ച്എസ്എസ് കോക്കല്ലൂർ. 167 പോയിൻ്റ് നേടി പേരാമ്പ്ര എച്ച്എസ്എസ് നാലാമതും 160 പോയിൻ്റുള്ള തിരുവങ്ങൂർ എച്ച് എസ് എസ് അഞ്ചാമതുമാണ്.
യുപി ജനറൽ വിഭാഗത്തിൽ ഹസനിയ എയുപിഎസ് മുട്ടാഞ്ചേരി 36 പോയിന്റുമായി ഒന്നാം സംസ്ഥാനത്താണ്. എച്ച് എസ് ജനറൽ 102 പോയിൻ്റുമായി മേമുണ്ട എച്ച്എസ്എസ് ഒന്നാംസ്ഥാനത്തും നിൽക്കുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ റഹ്മാനിയ എച്ച് എസ് 104 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 86 പോയിൻറ് ഉള്ള മേമുണ്ട എച്ച്എസ്എസ് രണ്ടാമതും 84 പോയിൻറ് നേടിയ കോക്കല്ലൂർ ജിഎച്ച്എസ്എസ് മൂന്നാമതും നിൽക്കുന്നു.യുപി സംസ്കൃതോത്സവത്തിൽ അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ 60 പോയിൻറ് നേടി ഒന്നാം സ്ഥാനത്താണ്. ഹൈസ്കൂൾ സംസ്കൃത ഉത്സവത്തിൽ 53 പോയിൻറ് ഉള്ള ഇരിങ്ങണ്ണൂർ എച്ച്എസ്എസ് ആണ് ഒന്നാമത്. യുപി അറബിക് കലോത്സവത്തിൽ 43 പോയിന്റുമായി വാണിമേൽ എം യുപിഎസ് ഒന്നാം സ്ഥാനത്ത് എത്തി. ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ വാണിമേൽ ക്രസന്റ് സ്കൂൾ 50 പോയിന്റ് നേടി ഒന്നാം സ്ഥാനത്തുണ്ട്. ജില്ലാ തല സ്കൂൾ കലോത്സവം നാളെ വൈകിട്ട് സമാപിക്കും.നാളത്തെ മത്സരങ്ങൾ കൃത്യം 9 മണിക്ക് തന്നെ ആരംഭിക്കുമെന്ന് അറിയിച്ചു.

