കൊല്ലം റെയിൽവേ ഗേറ്റിൽ ബസ് നീങ്ങി ഗേറ്റ് തകർന്നു
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്
കൊയിലാണ്ടി: ബസ് തട്ടി റെയിൽവേ ഗേറ്റ് തകർന്നു.സ്വകാര്യ ബസ് കടന്നു പോകുന്നതിനിടയിൽ ബസ്സിന്റെ മുകൾഭാഗത്ത് കുടുങ്ങി കൊല്ലം നെല്ലിയാടി റോഡിലെ റെയിൽവേഗേറ്റ് തകരുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. മേപ്പയ്യൂർ ഭാഗത്തുനിന്ന് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു ശ്രീരാം ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസ് ഗേറ്റ് മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. ട്രെയിൻ വരാനിരിക്കെ ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. തുടർന്ന് ബസ് കടന്നുപോകാനായി ഗേറ്റ് കീപ്പർ സാവകാശം കൊടുത്തിരുന്നു. ഇതനുസരിച്ച് ബസ് മുന്നോട്ടു നീങ്ങിയപ്പോൾ ബസിന്റെ പിൻഭാഗത്തെ ഉയർന്ന ഭാഗം എയർ സ്പേസിൽ തട്ടി ഗേറ്റ് മുറിഞ്ഞു പോവുകയായിരുന്നു.
ഗേറ്റ് ഇപ്പോൾ അടച്ചിട്ട നിലയിലാണ്. അവധി ദിവസമായതിനാൽ കുറവായത് കാരണം ഇന്ന് തന്നെ അറ്റകുറ്റപ്പണി നടത്തി ഗതാഗതം പുനഃസ്ഥാപിക്കാൻ പറ്റുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഗേറ്റ് അടച്ചതിനാൽ കൊല്ലം നെല്യാടി റോഡിലൂടെ പോകേണ്ട വാഹനങ്ങൾ ആനക്കുളം റോഡിലൂടെ കടന്നു പോകുന്നുണ്ട്. ഇന്ന് പയ്യോളി വഴി വടകര ഭാഗത്തേക്ക് പോകുന്നതിന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു ദേശീയ പാതയിൽ ടാറിങ് നടക്കുന്നത് കാരണമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വാഹനങ്ങൾ നന്തി വഴി പള്ളിക്കര കീഴൂർ റോഡിലൂടെ പോകണമെന്നാണ് നിർദ്ദേശമെങ്കിലും ഒട്ടേറെ വാഹനങ്ങൾ ആനക്കുളം റോഡിനെയും ആശ്രയിക്കുന്നു. ഇതിനൊപ്പം കൊല്ലം വഴി പോകേണ്ട വാഹനങ്ങൾ കൂടി ഈ റോഡിനെ ആശ്രയിക്കാൻ തുടങ്ങിയതോടെ ആനക്കുളം ഭാഗത്ത് ഗതാഗത ക്കുരുവിന് വഴി തുറന്നിട്ടുണ്ട്.

