headerlogo
breaking

ഉമ തോമസ് അപകടം; സംഘാടകൻ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്

അപകടത്തിന് പിന്നാലെ മുൻകൂര്‍ ജാമ്യാപേക്ഷയുമായി സംഘാടകര്‍ കോടതിയെ സമീപിച്ചു

 ഉമ തോമസ് അപകടം;  സംഘാടകൻ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്
avatar image

NDR News

30 Dec 2024 05:43 PM

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകനായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യും. ഇയാളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. നിലവിൽ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. സംഘാടകൻ എന്ന നിലയിൽ മൃദംഗ വിഷന് വേണ്ടി അനുമതികൾക്കായി വിവിധ ഏജൻസികളെ സമീപിച്ചത് കൃഷ്ണകുമാർ ആയിരുന്നു. ഓസ്കാര്‍ ഇവന്‍റ് മാനേജ്മെന്‍റ് ഉടമയാണ് കൃഷ്ണകുമാര്‍. ഇവരാണ് കലൂരിൽ പരിപാടി നടത്തിയത്. അപകടത്തിന് പിന്നാലെ മുൻകൂര്‍ ജാമ്യാപേക്ഷയുമായി നൃത്ത പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂര്‍ ജാമ്യം തേടി മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടത്തിയതെന്ന് ഹർജിയിൽ മൃദഗവിഷൻ വ്യക്തമാക്കി. അനിയന്ത്രിതമായ തിരക്കോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയിൽ പറയുന്നു.

      ഇതിനിടെ, ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിയ്ക്കായി കല്ലൂര്‍ സ്റ്റേഡിയം വിട്ടുകൊടുത്തതിന് ജിസിഡിഎയും സംഘാടകരുമായി ഉണ്ടാക്കിയ കരാരും പുറത്തുവന്നിട്ടുണ്ട്. സംഘാടകരായ മൃദംഗ വിഷന് ജിസിഡിഎ നൽകിയ അനുമതി കരാര്‍ ആണ് പുറത്തുവന്നത്. സ്റ്റേഡിയം ഉപയോഗിക്കാൻ മാത്രമാണ് അനുമതി നൽകിയത്. സ്റ്റേജ് ഉൾപ്പെടെയുള്ള അധികനിർമാണത്തിന് അനുമതി തേടിയിരുന്നില്ല. ഗാലറിയിൽ അധികമായി ഉണ്ടാക്കി താല്‍ക്കാലിക സ്റ്റേജിൽ നിന്ന് വീണാണ് ഉമ തോമസിന് പരിക്കേറ്റത്. അധികനിർമ്മാണത്തിന് കൊച്ചി കോർപ്പറേഷനിൽ നിന്നും ഫയർഫോഴ്സിൽ നിന്നും അനുമതി തേടണമെന്ന് ജിസിഡിഎ നിർദ്ദേശിച്ചിരുന്നു. എല്ലാ അനുമതികളും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നേടേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ജിസിഡിഎ നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.

കലൂര്‍ സ്റ്റേഡിയത്തിൽ പൊലീസും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്. അതേസമയം, പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഉറപ്പുള്ള സ്റ്റേജ് ഒരുക്കണമായിരുന്നു. സംഘാടകർ ലാഘവത്തോടെ കൈകാര്യം ചെയ്തു. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. തന്‍റെ ഗൺമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സങ്കടകരമായ അപകടമാണ് എംഎൽഎയ്ക്ക് ഉണ്ടായത്. എട്ടു മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബാക്കിയുള്ള മറ്റു പരിപാടികൾ നടത്തിയില്ല. എന്നു മാത്രമല്ല ഇത്ര വലിയ അപകടമാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞുമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

 

NDR News
30 Dec 2024 05:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents