ചെണ്ടമേളത്തിൽ ജില്ലയിലെ പിഴവ് തിരുത്തി നടുവണ്ണൂർ ജിഎച്ച്എസ്എസ് ടീമിന് എ ഗ്രേഡ്
റവന്യൂ ജില്ലാ കലോത്സവത്തിൽ ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണതിനെ തുടർന്ന് മേളം തടസ്സപ്പെട്ടിരുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന റവന്യൂ ജില്ലസ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ തകർപ്പൻ പ്രകടനവുമായി നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. ഹൈസ്കൂൾ വിഭാഗം ചെണ്ടമേളത്തിൽ കോഴിക്കോട് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ എ ഗ്രേഡും രണ്ടാം സ്ഥാനവുമാണ് ടീമിന് ഉണ്ടായിരുന്നത്. മത്സരത്തിനിടയിൽ സ്റ്റേജിന് സമീപം ഉണ്ടായിരുന്ന ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണതിനാൽ മേളം തടസ്സപ്പെട്ടിരുന്നു. ഈ സാങ്കേതിക കാരണം കൂടി ചൂണ്ടിക്കാണിച്ചു നൽകിയ അപ്പീലിനെ തുടർന്നാണ് ടീം 30,000 രൂപയോളം കെട്ടിവെച്ച് തിരുവനന്തപുരത്തേക്ക് പോകാൻ അനുമതി നേടിയത്.
സംസ്ഥാന കലോത്സവത്തിൽ പതിനാറോളം ടീമുകളാണ് ഹൈസ്കൂൾ വിഭാഗം ചെണ്ട മേളത്തിൽ മാറ്റുരച്ചത്. ഇതിൽ പത്തോളം പേർക്കാണ് എ ഗ്രേഡ് ലഭിച്ചത്. കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കൊയിലാണ്ടി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് എ ഗ്രേഡ് ലഭിച്ചെങ്കിലും പോയിൻറ് നിലയിൽ അപ്പീലിൽ വന്ന നടുവണ്ണൂരിന് പിറകിലായി. കലോത്സവ നിയമപ്രകാരം ജില്ലയിൽ ജയിച്ച ടീമിനേക്കാൾ ഒരു പോയിൻറ് എങ്കിലും കൂടുതൽ കിട്ടിയാൽ ടീമിന് ലഭിച്ച എഗ്രേഡ് പരിഗണിക്കൂ, എന്നതിനാൽ നടുവണ്ണൂർ ജിഎച്ച്എസ്എസ് ടീമിന് അതൊരു മധുരമായ പ്രതികാരവുമായി. ടീം അംഗങ്ങളായ മുഴുവൻ കുട്ടികളും സർട്ടിഫിക്കറ്റും ഉപഹാരങ്ങളും ട്രോഫി കമ്മിറ്റിയിൽ നിന്നും ഏറ്റുവാങ്ങി. ബി ആർ ദേവാനന്ദ്, സഞ്ജയ് ശങ്കർ, ജഗൻ സൂര്യ, ദേവദത്ത്, നിവേദ്, തേജസ് , അലൻ നാരായണൻ എന്നിവരടങ്ങിയ ടീമാണ് നടുവണ്ണൂരിനു വേണ്ടി ചെണ്ടമേളത്തിൽ മത്സരിച്ചത്. ദേവാനന്ദ് തിങ്കളാഴ്ച നടക്കുന്ന ഹൈസ്കൂൾ ചെണ്ട ഇനത്തിൽ കൂടി മത്സരിക്കുന്നുണ്ട്. രക്ഷിതാക്കളോടൊപ്പം സ്കൂളിലെ അധ്യാപകരായ ഉണ്ണികൃഷ്ണൻ ഷാജി കാവിൽ സുരേഷ് കുമാർ എന്നിവരാണ് കുട്ടികളെ അനുഗമിച്ചത്.

