തെരുവുനായ ഓടിച്ച 9 വയസ്സുകാരൻ പൊട്ടക്കിണറ്റിൽ വീണു മരിച്ചു
കൂട്ടുകാരോടൊപ്പം കളിച്ച് തിരികെ വരുമ്പോൾ തെരുവ് നായകൾ ഓടിക്കുകയായിരുന്നു

കണ്ണൂർ :കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ തെരുവ് നായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റിൽ വീണ് മരിച്ചു. പാനൂർ തൂവക്കുന്ന് ചേലക്കാട് സ്വദേശി ഫസൽ (9) ആണ് മരിച്ചത്. തൂവക്കുന്ന് ഗവ. എൽപി സ്‌കൂളിലെ 4-ാം ക്ലാസ് വിദ്യാർഥിയാണ്. വൈകിട്ട് 5 മണിക്കാണ് സംഭവമെങ്കിലും വീട്ടുകാർ അറിയുന്നത് 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
സ്കൂൾ വിട്ടതിനുശേഷം കളിക്കാൻ കൂട്ടുകാരോടൊപ്പം പോയി തിരിച്ചു വരുമ്പോഴാണ് ഫസലിന് ദാരുണാന്ത്യം സംഭവിച്ചത്. കുട്ടികൾ കളിച്ച് തിരികെ വരുമ്പോൾ തെരുവ് നായകൾ പിറകെക്കൂടി ഭയപ്പെട്ട് ഓടുകയായിരുന്നു. നാല് കൂട്ടുകാരും ഉണ്ടായിരുന്നെങ്കിലും അവരാരും തന്നെ ഫസൽ കിണറ്റിൽ വീണത് അറിഞ്ഞില്ല. പിന്നീട് ഫസൽ വരാതിരുന്നതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് നായ പിറകെ ഓടിയ വിവരം മറ്റു കൂട്ടുകാർ പറയുന്നത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ സമീപത്തെ ഉപയോഗശൂന്യമായ ഒരു കിണറ്റിൽ നിന്നാണ് ഫസലിനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പാനൂർ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.