നടുവണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് കടിയേറ്റു
ഇന്ന് രാവിലെ നടുവണ്ണൂർ ബസ്റ്റാൻഡിൽ വെച്ചാണ് തെരുവുനായ, വിദ്യാർത്ഥിയെ ആക്രമിച്ചത്

നടുവണ്ണൂർ: ഇടവേളയ്ക്കു ശേഷം നടുവണ്ണൂർ ടൗണിൽ വീണ്ടും തെരുവുനായ ആക്രമണം. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ 9 ക്ലാസുകാരൻ ആദിദേവിനാണ് ഇത്തവണ നായ്ക്കൂട്ടം ആക്രമിച്ചത്. കൂട്ടുകാരനോടൊപ്പം സ്കൂളിലേക്ക് വരികയായിരുന്ന ആദിദേവിനെ തെരുവുനായ ചാടി കടിക്കുകയായിരുന്നു. നായയുടെ കടിയേറ്റ വിദ്യാർഥിയെ ഉള്ളിയേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ഇഞ്ചക്ഷൻ എടുത്തു.
ബസ്റ്റാൻഡിന് അകത്തും പരിസരത്തും വെച്ച് ഇതിനുമുമ്പ് നിരവധി തവണ തെരുവ് നായകൾ അക്രമം നടത്തിയിരുന്നു. കഴിഞ്ഞ മാസം സ്കൂളിലെ അധ്യാപികയെ നായ കടിച്ചിരുന്നു. അതിന് തൊട്ടുമുമ്പ് രണ്ട് വിദ്യാർത്ഥികൾക്കും കടിയേറ്റു.
തെരുവ് നായ ശല്യം ആവർത്തിക്കുമ്പോഴും പരിഹാരം കാണാത്തതിനെതിരെ ജനങ്ങൾ ക്ഷുഭിതരാണ്. കാലത്തും വൈകുന്നേരങ്ങളിലും ബസ് സ്റ്റാൻഡിലും റോഡരികിലും കൂട്ടമായി എത്തുന്ന നായകൾ ജനങ്ങളിൽ ഭീതി പടർത്തുന്നുണ്ട്.