ചെന്താമര വീണു; മട്ടായിലെ വനപ്രദേശത്ത് പോലീസും നാട്ടുകാരും ചേർന്ന് കൊടും ക്രിമനലിനെ പിടികൂടി
ഇന്ന് വൈകിട്ടാണ് പോത്തുണ്ടിയിലെ മട്ടായിലാണ് ചെന്താമരയെ കുട്ടികൾ കണ്ടെത്തിയത്

നെന്മാറ: നാട് നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകത്തിലെ കൊടും ക്രിമിനൽ ചെന്താമര ഒടുവിൽ പോലീസ് പിടിയിൽ. രണ്ടു പകലും രണ്ട് രാത്രിയും പോലീസിനെ അക്ഷരാർത്ഥത്തിൽ വട്ടം കറക്കിയ കൊടും ക്രിമിനലിലെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് വലയിലാക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് പിടിയിൽ വീണത്. വിശപ്പ് സഹിക്ക വയ്യാതെയാണ് ഇയാൾ പുറത്തിറങ്ങിയത്. ഭക്ഷണമൊന്നും കഴിക്കാതെ രണ്ട് ദിവസം കാട്ടിൽ ഒളിച്ചിരുന്ന ശേഷം വീട്ടിലേക്ക് ഉള്ള യാത്രയിലാണ് ചെന്താമര പിടിയിലായത്.
പോത്തുണ്ടി മലയിൽ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് പ്രതിയുടെ വീടിൻ്റെ പിൻവശത്തേക്കു മുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാൾ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് തിരച്ചിൽ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തിൽ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യം കൃത്യമായി ഫലം കാണുകയായിരുന്നു.
നീണ്ട 35 മണിക്കൂറാണ് പോലീസിനെ വലച്ച് ഈ കൊടും ക്രിമിനൽ ഒളിവിൽ കഴിഞ്ഞത്. ചെന്താമരയെ പിടികൂടിയത് അറിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി തടിച്ചുകൂടി. പോലീസ് സ്റ്റേഷനിൽ എത്തിക്കവേ ജനങ്ങൾ ചെന്താമരയെ ആക്രമിക്കാൻ മുതിർന്നു. പിടിയിലായ പ്രതിക്ക് ഭാവമാറ്റം ഒന്നും ഉണ്ടായില്ല. സ്റ്റേഷന് മുമ്പിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു.സ്റ്റേഷന്റെ ഗേറ്റ് തുറക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ പോലീസിന് ഫലപ്രയോഗം നടത്തേണ്ടിവന്നു. ജനരോഷം കണക്കിലെടുത്ത് വൻ സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. തങ്ങൾക്ക് പ്രതിയെ വിട്ടുതരണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പോലീസിനോട് കയർക്കുകയായിരുന്നു. പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ചെന്താമരയുടെ ഉറ്റ ബന്ധു നൽകിയ വിവരമാണ് പോലീസിനെ നിർണായക വഴിയിലേക്ക് തിരിച്ചത്. വിശപ്പ് തുടങ്ങിയാൽ ചെന്താമര കാടിറങ്ങുമെന്നും ബന്ധുവീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുമെന്നും ആയിരുന്നു വിവരം. എന്നാൽ ഇയാൾ സ്വന്തം വീട്ടിലേക്ക് തന്നെ നടന്നു പോവുകയായിരുന്നു.