മഹാകുഭമേള: തിക്കിലും തിരക്കിലും 30 പേർ മരിച്ചു, 60 പേർക്ക് പരുക്ക്
ബാരിക്കേഡ് തകര്‍ന്നതിന് പിന്നാലെയാണ് തിക്കും തിരക്കും ഉണ്ടായത്
പ്രയാഗ് രാജ്: മഹാ കുംഭമേളയിലെ തിക്കിലും തിരക്കിലും 30 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. 60 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബാരിക്കേഡ് തകര്‍ന്നതിന് പിന്നാലെയാണ് തിക്കും തിരക്കും ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചതില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമിത്തലാണെന്ന് ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. 'ഇതില്‍ ചിലര്‍ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവരാണ്. കര്‍ണാടകയില്‍ നിന്ന് നാല് പേര്‍, അസമില്‍ നിന്നും ഗുജറാത്തില്‍ നിന്നും ഒരാള്‍ വീതവും മരിച്ചവരിലുണ്ട്. പരുക്കേറ്റവരില്‍ ചിലരെ ബന്ധുക്കള്‍ കൊണ്ടു പോയിട്ടുണ്ട്. പരുക്കേറ്റ 36 പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.
ബ്രഹ്‌മ മുഹൂര്‍ത്തത്തിന് മുന്നോടിയായി പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ മൗനി അമാവാസ്യ സ്‌നാന ചടങ്ങിന്റെ സമയത്താണ് അപകടമുണ്ടായതെന്ന് ഡിഐജി വ്യക്തമാക്കി. അകാര റോഡില്‍ വലിയ ജനക്കൂട്ടമുണ്ടാകുകയും തുടര്‍ന്ന് ബാരിക്കേഡുകള്‍ തകരുകയുമായിരുന്നു. 'ബാരിക്കേഡുകള്‍ക്ക് അപ്പുറമുള്ള ജനക്കൂട്ടം ബ്രഹ്‌മ മുഹൂര്‍ത്തത്തിന് കാത്തിരുന്ന ഭക്തര്‍ക്ക് നേരെ ഓടിയടുക്കുകയായിരുന്നു. അപകടം സംഭവിച്ചപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ആംബുലന്‍സുകളില്‍ 90 പേരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ 30 പേര്‍ മരിച്ചു', അദ്ദേഹം പറയുന്നു. പെട്ടെന്ന് ജനക്കൂട്ടമുണ്ടായെന്നും രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു വെന്നും ദൃക്‌സാക്ഷിയായി കര്‍ണാടക സ്വദേശി സരോജിനി പറഞ്ഞതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. വളരെ വിഷമകരമായ സംഭവമാണ് മഹാകുഭമേളയില്‍ സംഭവിച്ചതെന്ന് മോദി പറഞ്ഞു. ഉറ്റവരെ നഷ്ടപ്പെട്ട ഭക്തരോട് അനുശോചനം രേഖപ്പെടുത്തുന്നു. പരുക്കേറ്റവര്‍ പെട്ടെന്ന് ഭേദമാകട്ടെയെന്ന് ആശംസിക്കുന്നു വെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

