ആലപ്പുഴയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; ദുരൂഹതയെന്ന് പോലീസ്
കഴിഞ്ഞമാസം പിതാവ് രാഘവൻ്റെ കൈ മകൻ വിജയൻ തല്ലിയൊടിച്ചിരുന്നു
ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(92) മരിച്ചത്. തീപിടിച്ചതിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചയാണ് സംഭവം. വീട്ടിൽ രണ്ടു പേർ മാത്രമാണ് താമസിച്ചിരുന്നത്. വീട്ടിൽ മറ്റാരും ഉണ്ടാകാറില്ല. ഒരു മകൻ മാത്രമാണ് ഉള്ളത്. ഇയാൾ ഇടയ്ക്ക് വന്നിട്ടു പോകാറുണ്ട്. വീടിന് തീപിടിച്ച് രണ്ട് പേരെയും പൊള്ളി മരിച്ച നിലയിലാണ്.
വീടിന് എങ്ങനെ തീപിടിച്ചു എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മകനെ സംബന്ധിച്ച് വിവരങ്ങളില്ല. തീ പിടിക്കാനിടയായ സാഹചര്യത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. മകനെ സംശയിച്ചു പോലീസ്. വീട്ടിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം പിതാവ് രാഘവൻ്റെ കൈ മകൻ വിജയൻ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകന് ഉപദ്രവിച്ചതായി രാഘവൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് മകൻ വിജയനോട് പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചിരുന്നു. ഇന്നലെ രാത്രിയിൽ മകൻ വിജയൻ വീട്ടിലുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. നാട്ടുകാരാണ് തീപിടിത്തം ആദ്യം അറിഞ്ഞത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മാന്നാർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

