തൃശൂരിലെ ബാങ്ക് കൊള്ള; പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നെന്ന് വിവരം
അങ്കമാലി-പെരുമ്പാവൂർ റൂട്ടിൽ നിന്നാണ് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്

തൃശ്ശൂർ: തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള നടത്തിയ പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നെന്ന് വിവരം. നിർണായക സിസിടിവി ദൃശ്യങ്ങൾ കിട്ടിയെന്നും സൂചനയുണ്ട്. അങ്കമാലി-പെരുമ്പാവൂർ റൂട്ടിൽ നിന്നാണ് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ജീവനക്കാരെ കത്തി കാട്ടി ബന്ദികളാക്കിയ ശേഷം 15 ലക്ഷം രൂപ കവർന്നത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ ആയിരുന്നു മോഷണം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം.
സ്കൂട്ടറിൽ കയ്യുറകളും ഹെൽമെറ്റും, ജാക്കറ്റും ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഭക്ഷണ ഇടവേള ആയതിനാൽ ഭൂരിഭാഗം ജീവനക്കാരും ഭക്ഷണ മുറിയിലായിരുന്നു. ബാങ്ക് മാനേജർ ഉൾപ്പെടെ രണ്ടുപേർ മാത്രമായിരുന്നു പുറത്തുണ്ടായിരുന്നത്. ഇവരെ മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ഭക്ഷണം കഴിക്കുന്ന മുറിയിലേക്ക് ആക്കി വാതിൽ പുറത്തു നിന്നും പൂട്ടുകയായിരുന്നു.