ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍; ഓസ്ട്രേലിയയെ 4 വിക്കറ്റിന് പരാജയപ്പെടുത്തി
ഓസ്‌ട്രേലിയക്കെതിരെ 4 വിക്കറ്റിന് വിജയിച്ച് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി.

ദുബായ്: ചാമ്പ്യൻസ് ട്രോഫി 2025 ലെ ആദ്യ ഫൈനലിസ്റ്റുകളായി ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരെ 4 വിക്കറ്റിന് വിജയിച്ച് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി. ഇതോടെ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ തോല്പിച്ചതിന്റെ മറുപടി രണ്ട് വർഷത്തിന് ശേഷം ഇന്ത്യ വീട്ടിയ സന്തോഷത്തിലാണ് ആരാധകർ. മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ മികവിലാണ് ഓസ്‌ട്രേലിയയുടെ 265 റൺസ് ഇന്ത്യ മറികടന്നത്.
ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്ലി 98 പന്തിൽ 5 ബൗണ്ടറികൾ അടക്കം 84 റൺസ് നേടി. കൊഹ്ലിയുമായുള്ള ശ്രേയസ് അയ്യരുടെ കൂട്ടുകെട്ടാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. ശ്രേയസ് 62 പന്തിൽ 3 ബൗണ്ടറികൾ അടക്കം 45 റൺസ് നേടി. ടീമിന് വേണ്ടി അവസാനം വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച താരങ്ങളാണ് കെ എൽ രാഹുൽ ഹാർദിക് പാണ്ട്യ സഖ്യം. രാഹുൽ 42* റൺസും, പാണ്ട്യ 28 റൺസും നേടി. രോഹിത് ശർമ്മ 28 റൺസ്, ശുഭ്മാൻ ഗിൽ 8 റൺസ്, രവീന്ദ്ര ജഡേജ 2* റൺസ് നേടി.
ഓസ്‌ട്രേലിയയുടെ ടോപ് സ്കോററായത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ്. താരം 96 പന്തിൽ 73 റൺസാണ് നേടിയത്. കൂടാതെ വിക്കറ്റ് കീപ്പർ അലക്സ് കാരിയും 57 പന്തിൽ 61 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. ട്രാവിസ് ഹെഡ് (39) റൺസ്, മാർനസ് ലാബൂസ്ചാഗ്നേ (29), ബെൻ ദ്വാർഷുയിസ് (19), നാഥാൻ എലീസ്സ് (10) റൺസ് എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
ഇന്ത്യക്ക് വേണ്ടി മികച്ച ബോളിങ് പ്രകടനം കാഴ്ച് വെച്ചത് പേസ് ബോളർ മുഹമ്മദ് ഷമിയാണ്. താരം 10 ഓവറിൽ 48 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കൂടാതെ വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ, എന്നിവർ രണ്ട് വിക്കറ്റുകളും, അക്‌സർ പട്ടേൽ, ഹാർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.