രാഹുൽ മാങ്കുട്ടത്തിനെതിരെ കൊലവിളി പ്രസംഗം; ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പരാതി
പ്രശാന്ത് ശിവൻ രാഹുലിനെ പാലക്കാട്ട് കാൽ കുത്തിക്കില്ലെന്നാണ് പ്രസംഗം നടത്തിയത്

പാലക്കാട് :ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ പോലീസിൽ പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി നടത്തിയെന്നാരോപിച്ചാണ് പാലക്കാട് ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷനെതിരെ പരാതി നൽകിയത്. പ്രശാന്തിനെതിരെ പൊലീസ് കേസെടുക്കണമെന്നാണ് ആവശ്യം. പാലക്കാട്, പിരായിരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നഗരസഭയിൽ ആരംഭിച്ച ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനിടെ സംഘർഷമുണ്ടായിരുന്നു. നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് കെബി ഹെഡ്‌ഗേവാറിൻ്റെ പേര് നൽകിയതിനെതിരെ യൂത്ത് കോൺഫറൻസും ഡിവൈ എഫ്ഐയും പ്രതിഷേധ പ്രകടനം നടത്തി.
ചടങ്ങ് അലങ്കോലമാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ശേഷം നടന്ന യോഗത്തിലാണ് പ്രശാന്ത് ശിവൻ രാഹുലിനെ പാലക്കാട്ട് കാൽ കുത്തിക്കില്ലെന്ന പ്രസംഗം നടത്തിയത്. ഹെഡ്ഗേ വാറിൻറെ പേരിൽ തന്നെ കേന്ദ്രം തുടങ്ങുമെന്നും നഗരസഭയുടെ വികസനം തടയുകയാണ് അവരുടെ ലക്ഷ്യമെന്നും പ്രശാന്ത് പറഞ്ഞു. കാല് വെട്ടിക്കളയുമെന്നാണ് ഭീഷണിയെങ്കില് കാല് ഉളളിടത്തോളം കാല് കുത്തിക്കൊണ്ടുതന്നെ ആർ എസ്എസിനെതിരെ സംസാരിക്കുമെന്നും കാല് വെട്ടിക്കളഞ്ഞാലും ഉളള ഉടല് വെച്ച് ആർ എസ്എസിനെതിരെ സംസാരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.