പാക്ക് പൗരത്വമുള്ള കൊയിലാണ്ടി വടകര സ്വദേശികളായ വയോധികർക്ക് നാടുവിടാൻ നോട്ടീസ്
കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ, വടകരയിലെ കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേർക്ക് രാജ്യം വിടാൻ നോട്ടീസ്. കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ രണ്ടുപേർക്കുമാണ് നോട്ടീസ് ലഭിച്ചത്. മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ താമസിക്കുന്നതിനാൽ രാജ്യം വിട്ടു പോകണമെന്ന് കാണിച്ചാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. കച്ചവടാവശ്യത്തിന് പാകിസ്‌താനിലേക്ക് പോയി പൗരത്വം എടുത്തവർക്കും വിവാഹത്തോടെ ഇന്ത്യയിൽ എത്തിയവർക്കുമാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്.
കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയിൽ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. ഇവരുടെ കുടുംബം കറാച്ചിയിൽ കച്ചവടം നടത്തുകയായിരുന്നു. പിതാവ് മരിച്ച ശേഷമാണ് ഇവർ കേരളത്തിലെത്തിയത്. കണ്ണൂരിലായിരുന്നു ഖമറുന്നീസ താമസിച്ചിരുന്നത്. പിന്നീട് 2022ൽ വടകരയിലെത്തി. ചൊക്ലിയിലാണ് അസ്മ താമസിക്കുന്നത്. 2024ൽ വിസയുടെ കാലാവധി കഴിഞ്ഞതിനാൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ വിസ പുതുക്കി കിട്ടിയില്ല എന്നാണ് രണ്ടുപേരും പറയുന്നത്.