സി.ഐ.ടിയു പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം
2022 ഒക്ടോബർ 21നായിരുന്നു നാടിനെ നടുക്കിയ സംഭവം

തൃശൂർ: സി.ഐ.ടിയു പ്രവർത്തകൻ കാളത്തോട് നാച്ചു എന്ന ഷമീറിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തവും 13ലക്ഷം രൂപ പിഴയും. തൃശൂർ ഒന്നാംക്ലാസ് അഡി. സെഷൻസ് കോടതി ജഡ്ജ് ടി.കെ. മിനിമോളാണ് ശിക്ഷ വിധിച്ചത്. ഒന്നു മുതൽ മൂന്നുവരെയുള്ള പ്രതികൾക്ക് അഞ്ചുവർഷം അധികശിക്ഷയും വിധിച്ചു. പ്രതികളായ കാളത്തോട് ഷാജഹാൻ, ഷബീർ, അമൽ സാലിഹ്, ഷിഹാസ്, നവാസ്, ഷംസുദ്ദീൻ എന്നിവർ കേസിൽ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 2022 ഒക്ടോബർ 21നായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗുഡ്‌സ് ഓട്ടോയുമായി വരികയായിരുന്ന ഷമീറിനെ പ്രതികൾ വാഹനം തടഞ്ഞ് വാളുകൊണ്ട് വെട്ടിയും ഇരുമ്പുപെപ്പ് കൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.
സാക്ഷികളെ പ്രതികൾ പലവട്ടം ഭീഷണിപ്പെടുത്തിയതോടെ ഹൈക്കോടതി പ്രത്യേക ഇടപെടൽ നടത്തിയാണ് വിചാരണ പൂർത്തിയാക്കിയത്. വിറ്റ്നസ് പ്രൊട്ടക്ഷൻ കാറ്റഗറിയിൽപ്പെടുത്തി സാക്ഷികൾക്ക് പൊലിസ് സുരക്ഷയും ഹൈകോടതി അനുവദിച്ചിരുന്നു. 68 ഓളം സാക്ഷികളെ കേസിൽ വിസ്തതരിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ, വിരലടയാളം, ഡി.എൻ.എ പരിശോധനാ ഫലങ്ങൾ എന്നിവ പ്രോസിക്യൂഷൻ കേസിൽ ഹാജരാക്കിയിരുന്നു.