വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റർ പിടിയിൽ
അധ്യാപികയിൽ നിന്നും 10,000 രൂപ വാങ്ങുന്നതിനിടയിലാണ് ഹെഡ്മാസ്റ്റർ പിടിയിലായത്

വടകര: സഹപ്രവർത്തകയായ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപകൻ പിടിയിൽ. വടകര പാക്കയിൽ ജെബി സ്കൂൾ പ്രധാന അധ്യാപകൻ രവീന്ദ്രനാണ് പിടിയിലായത്. അധ്യാപികയുടെ പ്രോവിഡൻ്റ് ഫണ്ടിൽ നിന്നും പണം എടുക്കുന്നതിനാണ് പ്രധാന അധ്യാപകൻ കൈക്കൂലി ചോദിച്ചത്.. 10,000 രൂപയും 90,000 രൂപയുടെ ചെക്കും ഉൾപ്പടെ 1,00,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.
ഇതേ സ്കൂളിലെ അധ്യാപികയായ പരാതിക്കാരി പിഎഫ് അക്കൗണ്ടിൽ നിന്നും 3 ലക്ഷം രൂപ നോൺ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിന് അപേക്ഷ നൽകിയിരുന്നു. ഹെഡ് മാസ്റ്റർ പിഎഫ് അക്കൗണ്ട് മാറി നൽകുന്നതിനുള്ള നടപടി ക്രമം ചെയ്യുന്നതിന് 1 ലക്ഷം രൂപ കൈകൂലി അധ്യാപികയോട് ആവശ്യപ്പെടുകയും അഡ്വാൻസ് മാറികിട്ടുന്നതിനുള്ള നടപടി ക്രമം വൈകിപ്പിക്കുകയും ചെയ്‌തു. തുടർന്ന് അധ്യാപിക വിവരം കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുക യായിരുന്നു. തുടർന്നാണ് ഇന്ന് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.