കോഴിക്കോട് വെള്ളയിൽ ഹാർബറിനു സമീപം തോണി മറിഞ്ഞ് ഒരു മരണം
പരിക്കേറ്റ രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ

കോഴിക്കോട്: വെള്ളയില്‍ ഹാര്‍ബറിനടുത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. ഗാന്ധിറോഡ് സ്വദേശി ഹംസക്കോയ (65) ആണ് മരിച്ചത്. ഇന്ന് പകൽ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനുപോയി തിരിച്ചുവരികയായിരുന്ന തോണിയാണ് അപകടത്തിൽ പെട്ടത്. കടല്‍ പെട്ടെന്ന് ക്ഷുഭിതമായപ്പോള്‍ തോണി തിരമാലയില്‍പ്പെട്ട് മറിയുകയായിരുന്നു. പരിക്കേറ്റ രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാവിലെ കോതി അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് ഫിറോസ് എന്നയാളുടെ ഫൈബര്‍ വള്ളവും എന്‍ജിനും തകര്‍ന്നു. കൊയിലാണ്ടി ഹാർബറിന് സമീപവും തോണി മറിഞ്ഞ് അപകടമുണ്ടായി. ഗരുഡ എന്ന തോണിയായിരുന്നു മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ അസീസ്, ഷിനു, സന്തോഷ് എന്നിവർ കടലിലേയ്ക്ക് വീണു. സംഭവം കണ്ട മറ്റൊരു തോണിയിലുണ്ടായിരുന്നവർ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി